പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നു. സിദ്ധാര്‍ത്ഥന്റെ അച്ഛനും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി നിവേദനം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റമറ്റതും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തതായും, കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇങ്ങനെ പറയുന്നതില്‍നിന്നുതന്നെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ വ്യക്തമാണ്. ഈ വര്‍ഷം ഫെബ്രുവരി പതിനെട്ടിനാണ് സിദ്ധാര്‍ത്ഥന്‍ എന്ന വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കോളജ് ഭരിക്കുന്ന എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനമേറ്റ് മരിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് തുടക്കം മുതല്‍ എസ്എഫ്‌ഐയും കോളജ് അധികൃതരും സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരുന്നത്. കടുത്ത മര്‍ദ്ദനമാണ് മരണത്തിന് കാരണമായതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്എഫ്‌ഐയും സിപിഎമ്മും ചെയ്തത്. പരസ്യവിചാരണയും റാഗിങ്ങുമൊന്നും നടന്നിട്ടില്ലെന്നു വരുത്താന്‍ നിരവധി കള്ളക്കഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ എസ്എഫ്‌ഐയ്‌ക്ക് ബന്ധമില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് ചില എസ്എഫ്‌ഐക്കാര്‍ മാത്രമാണുള്ളതെന്നും, മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെടുന്നവരുമുണ്ടെന്നും കുപ്രചാരണം നടത്തുകയായിരുന്നു.
സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐയില്‍ ചേരാതിരുന്നതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു ആ സംഘടനയില്‍പ്പെട്ട ഒരുപറ്റം ക്രിമിനലുകള്‍. നൂറിലേറെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് പരസ്യവിചാരണ ചെയ്തും പൈശാചികമായി മര്‍ദ്ദിച്ചുമാണ് സിദ്ധാര്‍ത്ഥന്‍ എന്ന പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്കു തള്ളിവിട്ടത്. മൂന്നുദിവസം കടുത്ത മര്‍ദ്ദനത്തനിരയാക്കുകയും വെള്ളംപോലും കൊടുക്കാതിരിക്കുകയും ചെയ്തു. വീട്ടിലേക്ക് വരികയായിരുന്ന സിദ്ധാര്‍ത്ഥനെ സ്‌നേഹം നടിച്ച് കോളജിലേക്ക് വിളിച്ചുവരുത്തിയാണ് കൊടുംക്രൂരതകള്‍ കാണിച്ചത്. കോളജ് ഭരിക്കുന്ന എസ്എഫ്‌ഐ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും അവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടില്ല. സിദ്ധാര്‍ത്ഥനെ കൊലചെയ്തവരൊക്കെ കാമ്പസില്‍ എസ്എഫ്‌ഐക്കാരാണ്. ഇതുകൊണ്ടാണ് പ്രതികളെ ഒളിപ്പിക്കാനും സംരക്ഷിക്കാനും സിപിഎമ്മുകാരും പോലീസും ഒറ്റക്കെട്ടായത്. സിപിഎം ജില്ലാ സെക്രട്ടറി ഇതിനായി പോലീസ് സ്‌റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങി എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകം സംബന്ധിച്ച് പല വിവരങ്ങളും സഹപാഠികളില്‍നിന്നും പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ പോലീസ് പല പ്രതികളെയും പിടികൂടാന്‍ തയ്യാറായത്. പ്രതികള്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടും പലരെയും പിടിക്കാന്‍ പോലീസ് താല്‍പ്പര്യം കാണിച്ചില്ല എന്നതാണ് സത്യം. കേസ് സിബിഐക്ക് വിട്ട ദിവസമാണ് രണ്ട് പ്രതികളെ പിടികൂടിയത്. ചിലരെയൊക്കെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നതായും, ഒരാളെയും മാപ്പുസാക്ഷിയാക്കരുതെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ പറയുന്നുണ്ടല്ലോ. സംഭവത്തില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിനി ഇപ്പോഴും പ്രതിപ്പട്ടികയിലില്ല.
ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ അച്ഛനും നിരവധി സംഘടനകളും വ്യക്തികളും ഈ ആവശ്യം നേരത്തെ ഉന്നയിച്ചതാണ്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ സര്‍ക്കാര്‍ ഇതിന് തയ്യാറാവണമായിരുന്നു. ഇതു ചെയ്തില്ലെന്നു മാത്രമല്ല, സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ച് പത്തൊന്‍പത് ദിവസം കഴിഞ്ഞാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്‍ഡു ചെയ്തതുള്‍പ്പെടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടായി. സിദ്ധാര്‍ത്ഥന്റെ അച്ഛനോ മറ്റാരെങ്കിലുമോ കോടതിയെ സമീപിച്ചാല്‍ അനുകൂല ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും. ഇതാണ് ഒരു വെളിപാടുണ്ടായതുപോലെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പോലീസിന്റെ സഹായത്തോടെ പ്രതികള്‍ കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിച്ചുകഴിഞ്ഞു എന്നാണറിയുന്നത്. ഇതിനുവേണ്ടിയാണ് പ്രതികളെ മുഴുവന്‍ പോലീസ് പിടികൂടാതിരുന്നത്. ഇനിയിപ്പോള്‍ സിബിഐ അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇരകള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഹൃദയശൂന്യമായ നയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: