ന്യൂദല്‍ഹി: ബംഗാളില്‍ ഇന്‍ഡി സഖ്യമില്ലാതെ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമവും തള്ളിയാണ് മമത 42 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മമതയെ പോലൊരു നേതാവിനെ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിശ്വസിക്കരുതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
ഇന്‍ഡി സഖ്യത്തില്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതയ്ക്ക്. ബിജെപിക്ക് എതിരെ പോരാടുന്നില്ലെന്നും അസന്തുഷ്ടി വേണ്ടെന്നുമുള്ള സന്ദേശമാണ് സഖ്യം വിട്ടതോടെ മമത നല്‍കിയതെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂലുമായി സീറ്റ് പങ്കിടുന്നതിനുള്ള ആഗ്രഹം നിരവധി തവണ വ്യക്തമാക്കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. അത്തരമൊരു കരാറിന് ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണ് അന്തിമരൂപം നല്‍കേണ്ടതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ബിജെപിക്ക് എതിരെ ഒന്നിച്ചു പോരാടാന്‍ സഖ്യം വേണ്ടതായിരുന്നു, ജയറാം രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: