കൊച്ചി: കശ്മീരിനെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച ധീരമായ നടപടിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നു, എന്നാല്‍ ഇവിടെ ചിലര്‍ക്ക് ആ ശക്തിയില്‍ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ലക്ഷ്യ 2024 സോഷ്യല്‍മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ജനാധിപത്യം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ പ്രധാന കാരണം പത്രസ്വാതന്ത്ര്യമാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി പത്രസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയുന്നു. ഇതിന് വെല്ലുവിളിയാകുന്നത് ആഖ്യാനങ്ങളാണ്. ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കൂടുതലും സമൂഹ മാധ്യമങ്ങള്‍ വഴിയാണെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അസത്യം സത്യത്തിന്റെ കുപ്പായമിടുന്ന പ്രവണതകളെ പൊളിച്ച് കാണിക്കാനാണ് ലക്ഷ്യ ലക്ഷ്യമിടുന്നതെന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സന്ദേശ്ഖാലിയെ കുറിച്ച് പരാമര്‍ശിക്കവേ, ഷാജഹാന് ഷെയ്ഖ് എന്ന ഗുണ്ടയും അയാളുടെ അനുയായികളും ചെയ്തു കൂട്ടിയ കൊടിയ ക്രൂരതകള്‍ നേരിട്ട് കണ്ടത് അദ്ദേഹം സൂചിപ്പിച്ചു. ഒടുവില്‍ സ്ത്രീകള്‍ കൈയില്‍ കിട്ടിയ ആയുധമെടുത്ത് ഗുണ്ടകളെ തുരത്തുകയായിരുന്നു. ഇന്നും ബംഗാളില്‍ സന്ദേശ് ഖാലികളുണ്ടെന്നും അതെല്ലാം വെളിയില്‍ വന്നുകൊണ്ടിരിക്കുകയാണ്. നാരീശക്തിയാണ് ഭാരതത്തിന്റെ ശക്തി. അവിടെ വലിയ മാറ്റം വന്നിരിക്കുന്നു. ആ മാറ്റം കൊണ്ടുവന്നത് അമ്മമാരാണ്, സഹോദരിമാരാണ്. അവര്‍ ആന്തരിക ശക്തി തിരിച്ചറിഞ്ഞ് കഴിഞ്ഞു. സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിളയാടുമെന്ന് പറഞ്ഞ നാട്ടിലാണ് സന്ദേശ്ഖാലികളുള്ളതെന്ന് മനസിലാക്കണം. അതിന് മാറ്റം വന്നിരിക്കുന്നു. ഭാരതത്തിന്റെ ആധ്യാത്മിക, ബൗദ്ധികമണ്ഡലം സ്ത്രീകള്‍ ദത്തെടുക്കുവാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും യഹൂദനും ഒന്നുപോലെ പുലരുന്നുവെന്നത് നമ്മുടെ കാല്പനിക ഭാവം മാത്രമല്ല സാംസ്കാരിക ജീവിതത്തിലെ ജ്വലിക്കുന്ന പ്രതീകമാണ്. ഭാരതത്തെ ശിഥിലമാക്കാനും ശിഥിലീകരണശക്തികള്‍ക്ക് പിന്തുണ നല്‍കാനും ആരെങ്കിലും ശ്രമിച്ചാല്‍, എന്തെങ്കിലും ആഖ്യാനങ്ങള്‍ അതിനുണ്ടായാല്‍ ചെറുത്ത് തോല്പിക്കേണ്ടത് നാം തന്നെയാണ്, ഒരേ ഒരിന്ത്യ ഒരൊറ്റജനത എന്നു പറയുന്നത് വിശ്വാസ പ്രമാണമാണ്. ആ ദേശീയതയിലേക്ക് രാജ്യത്തെഉയര്ത്താന് നമുക്ക് കഴിയണം. ആത്മനിര്‍ഭര്‍ ഭാരതിലൂടെ വികസിതഭാരതം ലക്ഷ്യമിട്ട് രാജ്യം മുന്നേറുകയാണ്. രാജ്യത്തിന്റെ ആന്തരികശക്തി മനസിലാക്കാന്‍ നമുക്ക് കഴിയണം, അതാകട്ടെ ലക്ഷ്യയുടെ ലക്ഷ്യം എന്ന് ആനന്ദബോസ് ആശംസിച്ചു.
സമൂഹ മാധ്യമങ്ങള്‍ ശക്തമായ ഉപകരണമാണെന്നും രാജ്യത്ത് ശ്രദ്ധേയമായ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രധാനമന്ത്രി ആദരിക്കുന്നുവെന്നത് സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് അഭിപ്രായപെട്ടു.
ലക്ഷ്യ സ്വാഗതസംഘം അധ്യക്ഷന്‍ കെ.സി. നരേന്ദ്രന് അധ്യക്ഷനായ ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്, സംവിധായകന് വിഷ്ണു മോഹന്‍, ആര്‍എസ്എസ് പ്രാന്തപ്രചാര്സമിതി അംഗം വി. വിശ്വരാജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പരിപാടികളില്‍ ഡോ. ആരിഫ് ഹുസൈന് തെരുവത്ത്, സന്ദീപ് വാചസ്പതി, ഷാജന് സ്കറിയ, പി. സന്ദീപ്, പി.ആര്. ശിവശങ്കരന്, വിനോദ് സ്ട്രിങ്സ്, നടി ശിവദ, വാര്‍ത്ത അവതാരക ലക്ഷ്മി, അഡ്വ.ഒ.എം. ശാലീന, ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: