ന്യൂദല്‍ഹി: വികസനവിപ്ലവത്തിന്റെ പോരാളികളെ ആദരിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് കേന്ദ്രവാണിജ്യ-വ്യവസായ, ടെക്സ്റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍. വികസിതഭാരതം എന്ന ആശയം പൂര്‍ത്തിയാക്കുന്ന മോദിസേനയുടെ ധീരരായ പോരാളികളാണ് അവര്‍. മാറ്റമാണ് വിപ്ലവമെങ്കില്‍ അവരാണ് യഥാര്‍ത്ഥ വിപ്ലവകാരികള്‍. ദല്‍ഹിയില്‍ ചേര്‍ന്ന വികസിത ഭാരത് അംബാസഡേഴ്സ് ആര്‍ട്ടിസ്റ്റ് ശില്പശാലയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
140 കോടി ജനങ്ങളെയും ഭാരതത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ പങ്കാളികളാക്കുകയാണ് മോദി സര്‍ക്കാര്‍. ലോകം ഇന്ന് ഭാരതത്തിന്റെ സാന്നിധ്യം എല്ലാ മേഖലയിലും അനുഭവിക്കുന്നു. വികസിത ഭാരതം എന്ന സ്വപ്നം വിഭാവനം ചെയ്തതിനും അതിനെ ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിനും ഞാന്‍ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ഏത് വികസിത രാജ്യത്തെയും പോലെ എല്ലാ പൗരന്മാര്ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന ദിവസം വിദൂരമല്ല, മന്ത്രി പറഞ്ഞു.
കരകൗശലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പരിശ്രമം അവഗണിക്കപ്പെടുകയില്ല. വികാസവിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായി എല്ലാവരും മാറുകതന്നെ ചെയ്യും. അധിനിവേശത്തിന്റെ ആലസ്യത്തില്‍ നിന്ന് നാം പൂര്‍ണമായും മാറണം. സാംസ്കാരിക മൂല്യങ്ങളുയര്‍ത്തി രാഷ്ട്രജീവിതത്തില്‍ അന്തര്‍ലീനമായ അനന്തസാധ്യതകള്‍ തിരിച്ചറിയാനുള്ള സമയമാണിത്. നമുക്ക് നമ്മുടെ വേരുകളില്‍ അഭിമാനിക്കാം, ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: