ലഖ്നൗ: വികസനം അതിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ പ്രീണനത്തിന്റെ വിഷം നിര്‍വീര്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലെ സ്വജനപക്ഷപതത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശിലെ അസംഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംഗഡിനെ തങ്ങളുടെ മാത്രം കോട്ടയാക്കി അവിടെ സ്വജനപക്ഷപാതം നടപ്പാക്കുയായിരുന്നു മുലായം- അഖിലേഷ് യാദവ് കുടുംബം. ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് തിരിച്ചടി നല്കി. ബിജെപിയുടെ ദിനേശ് ലാല്‍ യാദവിനെ അവര്‍ തെരഞ്ഞെടുത്തു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രത്തിന് സമര്‍പിക്കുന്ന ഈ വികസന പ്രവര്‍ത്തനങ്ങളെ ഒരിക്കലും തെരഞ്ഞെടുപ്പിന്റെ കണ്ണിലൂടെ കാണരുത്. 2019ലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഞങ്ങള്‍ ആരംഭിച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളും വെളിച്ചം കാണുകയും രാജ്യത്തിന് സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. 2047ല്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
വ്യാജ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുന്‍ സര്‍ക്കാരുകള്‍ ജനങ്ങളെ കബളിപ്പിച്ചു. അധികാരത്തിലെത്തിയതിന് ശേഷം അവര്‍ അപ്രത്യക്ഷരാകുന്നു. 30- 35 വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ പോലും കോണ്‍ഗ്രസ് നടപ്പാക്കിയിട്ടില്ല. രാജ്യം വികസിതമാകുന്നതും ജനങ്ങള്‍ പരസ്പരം സ്നേഹത്തോടെ പെരുമാറുന്നതും ഇന്‍ഡി സഖ്യത്തിന്റെ ഉറക്കം കെടുത്തുന്നു. പതിറ്റാണ്ടുകളായി ജാതീയതയും പ്രീണന രാഷ്ട്രീയവുമാണ് ജനങ്ങള്‍ കാണുന്നത്. എന്നാല്‍ വികസനം എന്താണെന്ന് കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ ഭരണത്തിലൂടെ കാണിച്ചുകൊടുത്തു, പ്രധാനമന്ത്രി വ്യക്തമാക്കി.
മഹ്താരീ വന്ദന യോജനയ്ക്ക് തുടക്കം കുറിച്ചു
സ്ത്രീകളുടെ ഉന്നമനത്തിനായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹ്താരീ വന്ദന യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.
വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്നതാണ് പദ്ധതി. ആദ്യ ഗഡുവായി 700 കോടി രൂപ സംസ്ഥാനത്തെ 70 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും പ്രതിമാസം 1,000 രൂപ ഓണ്‍ലൈനായി കൈമാറുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുമായി പ്രധാനമന്ത്രി സംസാരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 655 കോടിയിലധികം രൂപ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നേരിട്ട് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. സംസ്ഥാനത്തുടനീളം സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പാണിതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
റായ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: