‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ദുഃഖഭാരങ്ങളും പങ്കുവെക്കാം…’ എന്നു തുടങ്ങി, ‘കര്‍മ്മ പ്രപഞ്ചത്തില്‍ ജീവിത യാത്രയില്‍ നമ്മളെ നമ്മള്‍ക്കായ് പങ്കുവെക്കാം…’ എന്നതില്‍ അവസാനിയ്ക്കുന്ന പ്രശസ്ത ചലച്ചിത്രഗാനം വൈവാഹിക ബന്ധത്തിന്റെ അന്തഃസാരമാണെന്നതില്‍ സംശയമില്ല. അനുവദിച്ചതെല്ലാം ഒരുമിച്ചനുഭവിയ്ക്കുന്നതാണ് പ്രായോഗിക പ്രണയമെന്ന് ഈ വരികള്‍ അസന്നിഗ്ദമായി പ്രസ്താവിക്കുന്നു!
‘കാണാന്‍ കൊതിച്ച്’ അല്ലേ, പടം? ഈ ലേഖകന്‍ വിദ്യാധരന് മാഷോട് ചോദിച്ചു.
‘അതെ,’ മാഷ് പറഞ്ഞു.
ഇങ്ങനെ ഒരു പടം റിലീസായിട്ടുമില്ല, ആരും കണ്ടിട്ടുമില്ല. പക്ഷെ, ഭാസ്കരന് മാസ്റ്ററുടെ വരികള്‍ യേശുദാസും ചിത്രയും വെവ്വേറെ പാടിയതു രണ്ടും നിത്യഹരിതം.
എന്നാണ് മാഷ് ഈ പാട്ടിന് സംഗീതം നല്‍കിയത്?
‘1985-ല്‍’
അപ്പോള്‍, 37 വര്‍ഷം മുന്നെ…
‘അതെ.’
ഇപ്പോഴും പുതിയ തലമുറയും പഴയ തലമുറയും ഏറെ താല്പര്യത്തോടെ ഈ പാട്ട് കേള്‍ക്കുന്നു, പാടുന്നു!
‘താങ്കള്‍ അടുത്ത കാലത്ത് കേട്ടിരുന്നോ?’
കേട്ടിരുന്നു…
‘എപ്പോള്‍?’
ഇക്കഴിഞ്ഞ ഓണത്തിന്…
‘എവിടെ?’
തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ഓണപ്പരിപാടിയ്ക്ക്, ആണ്പിള്ളേരും പെണ്പിള്ളേരും ഒരുമിച്ചു നിന്നു പാടിയിരുന്നു, ‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം…’
മാഷ് ഈ ഗാനത്തിനു സംഗീതം നല്കുന്ന കാലത്ത്, ഒരുപക്ഷേ ഈ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും അച്ഛനമ്മമാരുടെ വിവാഹം കഴിഞ്ഞു, അവര്‍ തന്നെ സ്വപ്നങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങിക്കാണില്ല!
‘ഹാ… ഹാ… അതു ശെരി…’
റേഡിയോ ചാനലുകളിലും, സ്റ്റേജ് പരിപാടികളിലും ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ ഇപ്പോഴും ആവശ്യപ്പടുന്നതാണീ ഗാനമെന്ന് ഈയിടെ ഒരു സര്‍വേയില്‍ വായിച്ചിരുന്നു. കല്യാണ കവറേജുകളില്‍ കാല് നൂറ്റാണ്ടു കാലമെങ്കിലും ഇതായിരുന്നു ടൈറ്റില്‍ സോങ്! കാസ്സറ്റു പോയി, ഇഉയും, പെന്‍ ഡ്രൈവും മറ്റും വന്നെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ‘സ്വപ്നങ്ങളൊക്കെയും…’ അന്നത്തെപോലെ ഇന്നും ഒരു വൈവാഹിക അര്‍ത്ഥബോധനം!
സ്വപ്നങ്ങള്‍ പങ്കുവെച്ചുതുടങ്ങിയവര്‍ പിന്നെ പരസ്പരമല്ലേ പങ്കുവെക്കുന്നത്! കണ്ട മാത്രയില്‍തന്നെ കണ്ണു മോഷ്ടിച്ചു (Ankhiyan Churaaoon…), അല്ലെങ്കില്‍ മനസ്സു മോഷ്ടിച്ചു(Chura liyahai tumnejo dil ko…) മാത്രം ശീലിച്ച ഇന്ത്യന്‍ സിനിമയില്‍, ഇതിനെ വെല്ലുന്ന മറ്റൊരു പരിണയഗാനമുണ്ടോ? ഭാസിതമാണ് ഭാസ്കരന് മാസ്റ്ററുടെ ഭാവനകള്‍!
‘ഈ വക കുറച്ചു പാട്ടുകള്‍ പണ്ടു ചെയ്തു വെച്ചോണ്ടല്ലേ, ഇപ്പോഴും ഞാന്‍ ഇങ്ങനെ കഴിഞ്ഞു പോണത്…’
ലോഹിതദാസിന്റെ പ്രഥമ തിരക്കഥയില്‍ സുകു മേനോന് തുടങ്ങിവെച്ച ഈ പടത്തിന്റെ ഷൂട്ടിങ്ങുതന്നെ തുടങ്ങിയില്ല, ഈ പാട്ടു മാത്രം റിലീസായി, പടം ‘കാണാന്‍ കൊതിച്ച്’ ഇപ്പൊഴും എല്ലാവരും കാത്തിരിയ്ക്കുന്നു! പക്ഷെ, ഈ പാട്ടിലൂടെ, മാഷൊരു സംഗീത സെലബ്രിറ്റിയായി!
‘എല്ലാം ആറാട്ടുപുഴ അയ്യപ്പന്റെ അനുഗ്രഹം… സ്വാമി ശരണം!’
ഒരു പടം കൂടുതല്‍ ഓടുന്നതുകൊണ്ടാണ് അതിലെ പാട്ടുകള്‍ ഏറെ പ്രസിദ്ധമാകുന്നതെന്നാണ് പൊതു ധാരണ. എന്നാല്‍, മാഷുടെ പല പാട്ടുകളും അവയുള്ള സിനിമകളെക്കുറിച്ച് എല്ലാവരുമറിയാന്‍ കാരണമാകുന്നു!
‘നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്കി…’ ശ്രീകുമാരന്‍ തമ്പി രചിച്ച കാവ്യഗംഭീരവും, അര്‍ത്ഥ സമ്പുഷ്ടവുമായ വരികള്‍. ദാസേട്ടന്റെ റേഞ്ച് തെളിയിക്കുന്ന ആലാപനം. മാഷുടെ മികവുറ്റ സംഗീത സംവിധാനം! ഈ ഗാനം ഏതു പടത്തിലെയാണെന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. പടം, ‘വീണപൂവ്’, സംവിധായകന് അമ്പിളി, പലരും ആദ്യമായി അറിയുന്നു. ‘വീണപൂവ്’ കൂടുതല്‍ ഓടിയില്ല, എന്നാല്‍ ഈ പാട്ട് ഇപ്പോഴും പലരുടെയും ചുണ്ടത്തുണ്ട്. സംഗീതലോകത്ത് മാറിവരുന്ന പ്രവണതകളെയും, അഭിരുചികളെയും അതിജീവിച്ചു, 1983 മുതല്‍ ഈ ഗാനം ഇന്നും പുതുമയിലൊട്ടും പുറകിലാകാതെ നിലനില്ക്കുന്നു. എല്ലാം പങ്കിടുന്ന പ്രണയം പോലെ, പങ്കിടേണ്ടതെല്ലാം ഇല്ലാതാവുമ്പോഴുള്ള പ്രണയഭംഗവും ഉദാത്തമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ ഗാനം. നഷ്ടസ്വര്‍ഗ്ഗങ്ങളേക്കാള്‍ നൊസ്റ്റാല്‍ജിയ ഉളവാക്കുന്ന മറ്റൊന്നുമില്ല ഈ പാരില്‍.
‘തമ്പി സാറിന്റെ ജീവിത ഗന്ധികളായ പ്രണയ ഗാനങ്ങള്‍ക്ക് ആയിരം അര്‍ത്ഥങ്ങളാണ്,’ മാഷ് ആവേശം കൊണ്ടു.
അതെ, കാണാന്‍ കൊതിച്ചിട്ടും കാണാന്‍ കഴിയാതെ വരുമ്പോള്‍ വാടി വീഴാത്തതായി, പൂവല്ല, എന്തെങ്കിലുമുണ്ടോ? തമ്പി സാര്‍ ഒരു ഗാനരചയിതാവുമാത്രമല്ല, ഒരു പ്രണയ സാഹിത്യ-സംഗീത വൈജ്ഞാനികനുമാണ്!
‘കാണാന്‍ കൊതിച്ച്’, പിന്നെ, ‘വീണപൂവ്’… എന്നാല്‍, ഞാന്‍ പറയട്ടെ, എന്റെ മ്യൂസിക് കമ്പസിഷന്‍സ് ജനങ്ങളറിയാന്‍ സിനിമയുടെ സഹായം വേണമെന്നില്ല. ആ പാട്ടുകള്‍ തന്നെയാണ് അവയെ പ്രസിദ്ധമാക്കുന്നത്!’
മാഷ് കാര്യം പറഞ്ഞു. മാത്രവുമല്ല, ചിലപ്പോള്‍, മാഷുടെ പാട്ടുകൊണ്ടാണ് ഇങ്ങനെയൊരു പടമുണ്ടെന്നുതന്നെ പലരുമറിയുന്നത്!
‘അതെ!’
എന്നാല്‍, ‘അച്ചുവേട്ടന്റെ വീട്’ അല്പം വ്യത്യാസമുണ്ട്, മാഷേ…
‘എങ്ങനെ?’
മാഷുടെ പാട്ടും, ബാലചന്ദ്രമേനോന്റെ പടവും ഒരുപോലെ ഹിറ്റ്…
‘ഹാ… ഹാ… അതു ശരിയാണ്!’
‘കാണാന്‍ കൊതിച്ച്’ വിളിച്ചോതുന്നത് ഒരു മാതൃകാ ദാമ്പത്യമാണെങ്കില്‍, അച്ചുവേട്ടന്റേത് ഒരു വീടിന്റെ അത്യുത്തമ മാതൃകയാണ്.
ചന്ദനം മണക്കുന്ന പൂന്തോട്ടം,
ചന്ദ്രികമെഴുകിയ മണിമുറ്റം…
ഉമ്മറത്തമ്പിളി നിലവിളക്ക്,
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം,
ഹരിനാമജപം…
വസന്തങ്ങള്‍ താലമേന്തി നില്ക്കുന്ന, വരദാനം പൂക്കളമെഴുതുന്ന, മക്കള്‍ മൈഥിലിമാരായി വളരുന്ന അച്ചുവേട്ടന്റെ വീട്ടില്‍, മാസ്റ്ററുടെ സംഗീതം അതിവിശിഷ്ടം!
‘തേങ്ക്സ്!’
മാത്രവുമല്ല, ഈ ഗാനം മാഷുടെ നാടിന്റെ പൈതൃകം വിളിച്ചോതുന്നു. ഗ്രാമീണ സംഗീതങ്ങളുടെ വേരുകള്‍ ആഴത്തിലോടിയ മണ്ണാണ് ആറാട്ടുപുഴയില്‍ ഉള്ളതെന്നത് പഴയ അറിവ്.
‘അതെ.’
മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആറാട്ടുപുഴ അയ്യപ്പ ക്ഷേത്രത്തില്‍, നൂറ്റിയെട്ട് ആനകള്‍ അണിനിരക്കുന്ന പൂരം! രണ്ടായിരത്തില്പരം വര്‍ഷം മുന്നെ മുതല്‍ത്തന്നെ ഇന്നുകാണുന്ന പ്രൗഢിയില്‍ അവിടെ ദേവമേള ഉത്സവം അരങ്ങേറിവരുന്നു. തൃശ്ശൂര്‍, പെരുവനം മുതലായ പൂരങ്ങളുടെയെല്ലാം മുന്‍ഗാമി.
‘അതെ, കേരളത്തിലെ സര്‍വ്വ പൂരങ്ങളുടേയും മാതാവാണ് ആറാട്ടുപുഴ പൂരം! പൂരമെന്ന വാക്കുതന്നെ പിറവികൊണ്ടത് ഈ മണ്ണിലാണ്,’ തന്റെ കടുംബ ക്ഷത്രത്തിന്റെ നേര്‍മുന്നില്‍ നിന്നുകൊണ്ട് മാഷ് അഭിമാനംകൊണ്ടു!
സംഗീത പാരമ്പര്യം?
‘സംഗീതരസത്തില്‍ പ്രാചീന സംസ്കാരം ഉള്‍ക്കൊള്ളുന്ന പുള്ളുവന്‍പാട്ട്, കളമെഴുത്തുപാട്ട്, നാഗംപാട്ട്, കൊയ്ത്തുപാട്ട്, തോറ്റംപാട്ട് മുതലായവയെല്ലാം ആറാട്ടുപുഴ ഗ്രാമത്തിലാണ് വളര്‍ന്നു തനതുപാരമ്പര്യം കൈവരിച്ചത്.’
ഒരു കാര്യം പറഞ്ഞോട്ടെ, മാഷേ…
‘പറയൂ…’
അച്ചുവേട്ടന്റെ വീട്ടിലെ ഹൃദ്യമായ ആ പാട്ടു കേള്‍ക്കുമ്പോള്‍, ഒരു ആറാട്ടുപുഴയുടെ ചുവ…
‘ഉണ്ടോ?’
അങ്ങനെ തോന്നുന്നു, മാഷേ…
ഏതാണ് ആ ഗാനത്തിന്റെ രാഗം?
‘ബാഗേശ്രീ. ഹിന്ദുസ്ഥാനിയില്‍ ലളിത സംഗീതത്തിനുപയോഗിക്കുന്നാണ് ഈ രാഗം.’
അങ്ങനെയാണെങ്കില്‍, ഈ പാട്ടു ശ്രവിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആ സരളതയും, എളിമയുമൊക്കെ തികച്ചും സ്വാഭാവികമാണ്. സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങള് അശിക്ഷിതമാണെങ്കിലും, നേരിട്ട് അനുഭവിച്ചറിയുന്നു അതിന്റെ അനുഭൂതി!
‘ഞാന്‍ സിനിമാ ഗാനത്തിനായി ‘ബാഗേശ്രീ’ ഈ ഒരൊറ്റ പാട്ടിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ…’
ഓ…
‘കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍
കാലം വീടുപണി ചെയ്യേണം…
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൗഭാഗ്യം പിച്ചവെച്ചു നടക്കേണം…’
രമേശന് നായരുടെ ഹൃദയഹാരിയായ വരികള്‍! അര്‍ത്ഥം ലളിതം, ഈണം മോഹനം. ഈ ഗാനം ലളിതഗാനങ്ങളുടെ ലാവണ്യം തൊട്ടറിഞ്ഞിട്ടുള്ള ദാസേട്ടന് തന്നെ ആലപിക്കണമായിരുന്നു. ഇതു ചിട്ടപ്പെടുത്താന്‍ ‘ബാഗേശ്രീ’ തന്നെയാണ് ഏറ്റവും ഉചിതമായ രാഗമെന്നും ശ്രോതാക്കള്‍ തിരിച്ചറിയുന്നു.
പിന്നെ അധികം താമസിച്ചില്ല. മെലഡിയേയും ഗ്രാമീണതയേയും ഒപ്പത്തിനൊപ്പം പ്രണയിച്ചവര്‍ ഒന്നു നിര്‍ണ്ണയിച്ചു — എണ്‍പതുകള്‍ മലയാള സിനിമക്കു സമ്മാനിച്ച ഏറ്റവും പ്രതിഭാശാലിയായ സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍! സ്വയം പാ
ടിയും, മറ്റുള്ളവര്‍ക്കു പാടാനായി പാ
ട്ടു ചിട്ടപ്പെടുത്തിയും അര നൂറ്റാണ്ടുകാലം മാഷ് ഇവിടെയുണ്ട്.
തുടക്കം ഒന്നു പറയാമോ?
‘മുത്തച്ഛനില്‍നിന്നും (കൊച്ചക്കനാശാന്‍) അല്പം സംഗീതം പഠിച്ചിരുന്നു. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലും പോയി കൂടുതല്‍ പഠിച്ചു. നാട്ടില്‍ പരിപാടികള്‍ നടക്കുമ്പോള്‍, സംഘാടകര്‍ വന്ന് എന്നെ കൊണ്ടുപോകും, പാടിയ്ക്കാന്‍. സൈക്കിളിന്റെ തണ്ടിലിരുത്തിയാണ് എന്നെ കൊണ്ടുപോകുക. അങ്ങനെ ഞാനൊരു ‘ഹീരമഹ മേഹലി’േ എന്നറിയപ്പെടാന്‍ തുടങ്ങി. സംഗീതത്തില്‍ കമ്പം കയറി ഒരു ദിവസം മദ്രാസിലേക്കു ഒളിച്ചോടി. ജി. ദേവരാജന്‍ മാസ്റ്ററുടെ മുന്നിലെത്തിപ്പെട്ടു. അദ്ദേഹം എനിയ്ക്ക് ഒരു കോറസ് പാടാന്‍ ചേന്‍സ് തന്നു. അതിന് 25 രൂപ പ്രതിഫലം കിട്ടി. മാസ്റ്ററുടെ നിര്‍ദ്ദേശമനുസരിച്ചു നാട്ടിലേക്കു തിരിച്ചുവന്നു സംഗീത പഠനം തുടര്‍ന്നു. പരിപാടികള്‍ക്കായി അര്ജുനന് മാസ്റ്ററുടെ കൂടെ ഹാര്‍മോണിയപ്പെട്ടി തലയില്‍ ചുമന്നു നടന്നു. തുടര്‍ന്ന്, ഒരുപാടു നാടക ഗാനങ്ങള്‍ പാടി. ആയിടയ്ക്ക്, സിനിമയില്‍ ആദ്യത്തെ അവസരം തേടിവന്നു. ശ്രീമൂലനഗരം വിജയന്റെ ‘എന്റെ ഗ്രാമം’ എന്ന പടത്തിനുവേണ്ടി.’
കല്‍പ്പാന്തകാലത്തോളം… അല്ലേ, മാഷേ…?
‘അതെ…’
‘കല്‍പ്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാര ഹാരവുമായ് നില്ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…’
‘ക’-കളില്‍ കുളിച്ചു കിടക്കുന്ന ഈ ‘കല്പ്പാന്തകാലം’ വിജയന് പേനയില്‍ മഷിയ്ക്കു പകരം തേന്‍ നിറച്ച് എഴുതിയതാണെന്ന് ആരോ അഭിപ്രായപ്പട്ടിരുന്നു!
‘അതെ, മാധുര്യമുള്ള വരികള്‍.’
ദാസേട്ടന് പാടിയപ്പോഴത് ഇരട്ടിമധുരമായി!
‘മറ്റുള്ള മൂന്നു പാട്ടുകളും ഹിറ്റുതന്നെയാണ്.’
അറിയാം… വാണി ജയറാം, അമ്പിളി, ആന്റോ മുതലായവര്‍ പാടിയത്.
‘എന്റെ ഗ്രാമ’ത്തില്‍ ഒരു പിന്നണി സംഗീത സംവിധായകന് പിറന്നു! ഈ ആറാട്ടുപുഴക്കാരനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. മാഷിനു വേണ്ടി പാട്ടെഴുതാത്ത കവികളില്ല, മാഷ് സംഗീതം നല്കിയ പാട്ടു പാടാത്ത ഗായകരുമില്ല. പി. ഭാസ്കരന് മുതല്‍ റഫീക്ക് അഹമ്മദ്-വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ വരെയുള്ള മൂന്നു തലമുറയില്‍പ്പെട്ട ഗാനരചയിതാക്കളുടെ സൃഷ്ടികള്‍ക്കു ഈണം പകര്‍ന്നതിനുശേഷവും സിനിമാ നിര്‍മ്മാതാക്കള്‍ ഇപ്പോഴും തേടുന്ന മറ്റൊരു സംഗീതജ്ഞനും ഒരുപക്ഷേ മലയാള ചലച്ചിത്ര ലോകത്തു തന്നെ ഉണ്ടാകില്ല! ചിട്ടപ്പെടുത്തിയതെല്ലാം സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാക്കി മാറ്റിയ മറ്റൊരു സംഗീത സംവിധായകനുണ്ടോ?
‘ശ്രോതാക്കളുടെ ഇഷ്ടങ്ങള്‍ മാറുന്നു. സംഗീത ലോകത്തുള്ളവര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഞാന്‍ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. അതിനാല്‍, മഹാമാരിക്കാലത്തു പോലും എനിയ്ക്കു വെറുതെ ഇരിക്കേണ്ടിവന്നിട്ടില്ല. ജനപ്രീതി നേടിയ നിരവധി ആല്‍ബങ്ങള്‍ ചെയ്തു. സംഗീതത്തിന്റെ എളിയ ഒരു ഉപാസകനായി ഇന്നും മുന്നോട്ടു പോകുന്നു,’ മാഷ് പറഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: