തൃശൂര്‍: പൊള്ളുന്ന ചൂടിനെ വെല്ലുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് ചൂടുയരുമ്പോള്‍ അതുവഴിയുണ്ടാവുന്ന കച്ചവട സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന കാഴ്ചകളാണ് വിപണിയില്‍. രാപ്പകലില്ലാതെ മുന്നണികള്‍ ചുവരെഴുത്തും പോസ്റ്ററുകളും ബാനറുകളും യോഗങ്ങളുമായി സജീവമാകുമ്പോള്‍ പ്രചാരണങ്ങള്‍ക്കു കൊഴുപ്പേകാന്‍ വിപണിയില്‍ കൊടിതോരണങ്ങളും മാസ്കുകളും എത്തിക്കഴിഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിപ്പിച്ച കൊടികളും തോരണങ്ങളും തൊപ്പികളും വിപണിയിലുണ്ട്. ചിഹ്നങ്ങള്‍ ഏതുമാകട്ടെ പല വലിപ്പത്തിലുള്ള കൊടികള്‍ ലഭ്യമാണ്. സ്ഥാനാര്‍ത്ഥികളുടെ മുഖം മൂടികളും മാസ്കുകളുമാണ് വിപണിയിലെ പ്രധാന താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ തരത്തിലുള്ള മുഖം മൂടികള്‍ വിപണിയിലെത്തി കഴിഞ്ഞു.
പല നിറത്തിലും വലിപ്പത്തിലുമുള്ള മുഖം മൂടികള്‍ക്ക് 15 രൂപ മുതലാണ് വില. സ്ഥാനാര്‍ത്ഥികളുടെ മുഖം പ്രിന്റ് ചെയ്ത ടീഷര്‍ട്ട് കളും വിപണിയിലുണ്ട്. പ്രചാരണം സൈബര്‍ ചുവരുകളിലേക്ക് മാറിയെങ്കിലും പഴയ പ്രാധാന്യത്തോടെ ചുവരെഴുത്തും സജീവമാണ് ഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴിപ്രചരണം പുരോഗമിക്കുന്നുണ്ട്. യൂ ട്യൂബില്‍ സ്ഥാനാര്‍ത്ഥികളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഉണ്ട്. വാട്സ് ആപ്പ്, ടെലഗ്രാം ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം വേണ്ടി പ്രത്യേകമായി തന്നെ തയ്യാറാക്കുകയാണ്.
100 ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീ സൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിച്ചാണ് പോസ്റ്ററുകളും ഫ്ളക്സുകളും തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: