ദുബായ് : വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരു പോലെ കൗതുകമുണർത്തി ഷാർജയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽബയിലെ ഹാംഗിംഗ് ഗാർഡൻസ് തുറന്നു. വെള്ളിയാഴ്ചത്തെ ഔദ്യോഗിക ചടങ്ങിന് ശേഷമാണ് ഇവിടം പ്രവർത്തന സജ്ജമായത്.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് കൽബ-ഷാർജ റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ടൂറിസം സ്പോട്ട് ഉദ്ഘാടനം ചെയ്തത്. ഈ മനോഹരമായ പൂന്തോട്ടത്തിന് ആകെ 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും ഒരു ലക്ഷത്തിലധികം മരങ്ങളുമുണ്ട്.
ഷെയ്ഖ് ഡോ. സുൽത്താൻ വെള്ളിയാഴ്ച പൂന്തോട്ടത്തിൽ പര്യടനം നടത്തുകയും പ്രാദേശിക സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഗാന പ്രകടനം ആസ്വദിക്കുകയും ചെയ്തു. പാർക്കിന്റെ മധ്യഭാഗത്തായി 215 പേർക്ക് താമസിക്കാവുന്ന പ്രധാന ഭക്ഷണശാലയും അദ്ദേഹം സന്ദർശിച്ചു.
പൂന്തോട്ടങ്ങളിൽ കുട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള നിരവധി വിനോദ മേഖലകൾ ഉണ്ട്. ഇവയെ പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മലകയറ്റത്തിനായി നിയുക്തമാക്കിയ പാതകളെ മൂന്ന് വ്യത്യസ്ത തലങ്ങളായും തിരിച്ചിട്ടുണ്ട്. കാർഷിക ഭൂമി, വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന മരങ്ങൾ, പൂക്കൾ എന്നിവയുൾപ്പെടെയുള്ള മനോഹരമായ കാഴ്ചകൾ ഇവിടെ സഞ്ചാരികളെ അദ്ഭുതപ്പെടുത്തുമെന്നതിൽ സംശമില്ല.
ഒരു എക്‌സ്‌കർഷൻ ട്രെയിനിനായി നിയുക്തമാക്കിയിട്ടുള്ള ഒരു ട്രാക്ക് ഉണ്ട്. അതിൽ 55 പേർക്ക് യാത്ര ചെയ്യാനാകും, 820 മീറ്റർ നീളമാണിതിനുള്ളത്. ഇത് നാല് സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നു, അതിലൊന്ന് മുകളിലെ കഫറ്റീരിയയിലൂടെയും മൂന്നെണ്ണം പാർക്കിനുള്ളിലുമാണുള്ളത്. പാർക്കിൽ 760 മീറ്റർ റണ്ണിംഗ് ട്രാക്കും 262 കാർ പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടുന്നു.
വിനോദസഞ്ചാരവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും കൽബയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി 2022-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. ഈ പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഈ വർഷം എമിറേറ്റിന്റെ ഭരണാധികാരി 40.83 ബില്യൺ ദിർഹം (11.12 ബില്യൺ ഡോളർ) ആണ് ടൂറിസം പദ്ധതികൾക്കായി മാറ്റി വച്ചത്. വിവിധ ഇൻഫ്രാസ്ട്രക്ചർ, സയൻസ് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനും ബിസിനസ്സ്, ടൂറിസം എന്നിവ വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും പുതിയ ബജറ്റ് സർക്കാർ വകുപ്പുകളെ പിന്തുണയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: