കേരളത്തില്‍ പലേടങ്ങളില്‍നിന്നും ബുദ്ധമതവുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ശിരസ്സും ഉടലുമറ്റവയും പൂര്‍ണ്ണ രൂപത്തിലുള്ളവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. അവയില്‍ ശ്രദ്ധേയമായ ഒന്നാണ് മാവേലിക്കരയിലെ ബുദ്ധവിഗ്രഹം. ഈ വിഗ്രഹം കണ്ടെടുത്തു സംരക്ഷിച്ചതിന്റെ ശതാബ്ദി വര്‍ഷമായിരുന്നു പോയവര്‍ഷം.
കേരളത്തില്‍നിന്നും കണ്ടെടുക്കപ്പെട്ട ബുദ്ധ പ്രതിമകളില്‍ സര്‍വ്വലക്ഷണ യുക്തമായ ഒന്നാണ് മാവേലിക്കരയിലേതെന്നാണ് ചരിത്രകാരന്മാര്ക്കിടയില് സുസമ്മതി നേടിയ വസ്തുത. യോഗാസനസ്ഥ രൂപത്തിലുള്ളതാണ് ഈ വിഗ്രഹം.ഇതില്‍ സാധാരണയായി ബുദ്ധവിഗ്രഹങ്ങളില്‍ കാണുന്ന ജ്വാല, ഉഷ്ണീഷം എന്നിവയും വ്യക്തമാണ്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുമ്പില്‍ ബൗദ്ധ പാരമ്പര്യത്തിന് ഇണങ്ങും വിധം നിര്‍മ്മിച്ചിട്ടുള്ള ചൈത്യഗൃഹത്തിലാണ് ബൗദ്ധവിഗ്രഹം പ്രതിഷ്ഠിച്ചു സംരക്ഷിച്ചിരിക്കുന്നത്. സംഘാരാമത്തിലെ ആരാധ്യവസ്തുവായിരുന്നു ഈ വിഗ്രഹം എന്നാണ് പുരാവസ്തു ശാസ്ത്രജ്ഞനായിരുന്ന വി. ആര്. പരമേശ്വരന്‍പിള്ളയുടെ അഭിപ്രായം (പ്രാചീന ലിഖിതങ്ങള്‍, 1963, പേജ് 121).
ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നു കരുതപ്പെടുന്ന ഈ വിഗ്രഹം കണ്ടിയൂരിനടുത്തുള്ള തോട്ടു കടവില്‍ കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അക്കാലത്ത് അതിന്മേല് സ്ത്രീകള്‍ തുണി അലക്കുക പതിവായിരുന്നു. മാവേലിക്കരയിലെ മജിസ്ട്രേറ്റായിരുന്ന ആണ്ടപ്പിള്ളയുടെ കണ്ടിയൂരുള്ള ഭവനത്തില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ ചട്ടമ്പിസ്വാമികളെ, തോട്ടുവക്കില്‍ഏതൊക്കെയോ പ്രത്യേകതകളോടെ കണ്ടകരിങ്കല്ലിനെപ്പറ്റിയുള്ള വിവരങ്ങള്‍ ചിലര്‍ ധരിപ്പിച്ചു. അങ്ങനെ അതേപ്പറ്റി കേട്ടറിഞ്ഞ ചട്ടമ്പിസ്വാമികളാണ് കല്ലിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ ആദ്യവ്യക്തിത്വം. നാട്ടുകാരുടെ സഹായത്തോടെ കരിങ്കല്ല് തിരിച്ചിട്ടപ്പോഴാണ് അതൊരു വിഗ്രഹമായിരുന്നുവെന്ന് മറ്റുള്ളവര്‍ക്കും മനസ്സിലാക്കാനായത്. തുടര്‍ന്ന്, സ്വാമികളാണ് പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള ടി മാധവറാവുവിനെ വിവരം അറിയിക്കുന്നത്. അതിനെത്തുടര്‍ന്നാണ് വിഗ്രഹം സംരക്ഷിച്ചു സൂക്ഷിക്കേണ്ടതിന്റെ ആലോചനകളിലേക്ക് സാഹചര്യങ്ങള്‍ വളരുന്നത്. ദിവാന് രാഘവയ്യയും ഈ നീക്കത്തെ പിന്തുണച്ചിരുന്നു. തഹസില്‍ദാര്‍ ഇതിനകം വിവരങ്ങള്‍ ഫയലാക്കി അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു.
ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലുള്ള ദേവസ്വംവക ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. മാവേലിക്കര കൊട്ടാരത്തിലെ ഉദയവര്‍മ്മരാജയ്ക്ക് റീജന്റു റാണിവക ഒരു നീട്ട്, ഇതിനകം, ഇതുസംബന്ധിച്ചു ലഭിച്ചിരുന്നു. സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനെപ്പറ്റിയും പഗോഡ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു നീട്ട്. അതിനാവശ്യമായ ചെലവുകള്‍ ട്രഷറിയില്‍ നിന്നു നല്‍കുന്നതിന് ഏര്‍പ്പാടാക്കിയെന്നതിനെപ്പറ്റിയും നീട്ടില് സൂചനയുണ്ടായിരുന്നു. അതനുസരിച്ച് മാവേലിക്കര കൊട്ടാരത്തില്‍ നിന്നാണ് വിഗ്രഹം സംരക്ഷിച്ചു സൂക്ഷിക്കുന്നതിനാവശ്യമായ മന്ദിരം നിര്‍മ്മിച്ചു നല്‍കിയത്. ബൗദ്ധ പാരമ്പര്യത്തിനിണങ്ങുന്ന വാസ്തുവിദ്യകളോടെയാണു ഈ പഗോഡ നിര്‍മ്മിച്ചിട്ടുള്ളത്. രാജാ രവിവര്‍മ്മയുടെ മകന് ആര്‍ട്ടിസ്റ്റു രാമവര്‍മ്മ രാജയായിരുന്നു അതു രൂപകല്പന ചെയ്തത്. അങ്ങനെ 1923-ലാണ് പുരാവസ്തു വകുപ്പിന്റെയും മറ്റും മുന്‍കയ്യോടെ മാവേലിക്കരയില്‍ വിഗ്രഹം സ്ഥാപിച്ചത്. അതോടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആല്‍മരച്ചുവടും കവലയും ഉള്‍പ്പെടുന്ന ഭാഗം ‘ബുദ്ധ ജംങ്ഷനെ’ന്നറിയപ്പെട്ടു തുടങ്ങി.
കണ്ടെടുത്തശേഷം, ആദ്യം ഗവ. റസ്റ്റ് ഹൗസിനു സമീപവും പിന്നീട് ഇപ്പോഴത്തെ ടികെ മാധവന് സ്മാരക മുനിസിപ്പല്‍ പാര്‍ക്കിനു സമീപത്തുമായിരുന്നു അതു സ്ഥാപിച്ചിരുന്നത്. പിന്നീടാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്‍വശത്തേക്കുമാറ്റി പ്രതിഷ്ഠിക്കുന്നത്. പീഠം ഉള്‍പ്പെടെ മൂന്നടിയോളം ഉയരമുണ്ട് ഈ വിഗ്രഹത്തിന്.
മധ്യതിരുവിതാംകൂറില്‍, മാവേലിക്കര കൂടാതെ പള്ളിക്കല്‍ (ഭരണിക്കാവ്), മരുതൂര്‍കുളങ്ങര (കരുനാഗപ്പള്ളി) കരുമാടി (കുട്ടനാട്) എന്നിവിടങ്ങളില്‍ നിന്നും ബുദ്ധവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ബുദ്ധവിഗ്രഹം കൃഷ്ണപുരം കൊട്ടാരം മ്യൂസിയത്തില്‍ പ്രത്യേകം മണ്ഡപം നിര്‍മ്മിച്ചു സംരക്ഷിക്കുന്നു.
കേരളത്തില്‍ ഒരുകാലത്ത് പ്രബലമായിരുന്നുവെന്നു കരുതപ്പെടുന്ന ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ് മധ്യതിരുവിതാംകൂര്‍ എന്നൊരു പ്രബലനിരീക്ഷണം നിലവിലുണ്ട്. ഓണാട്ടുകരയിലെ ആനപ്പുറത്തെഴുന്നള്ളത്തും കെട്ടുകാഴ്ചകളും വെടിക്കെട്ടും ബൗദ്ധശേഷിപ്പുകളായാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍.
ബുദ്ധമതത്തിന്റെ ഒരു പ്രാമാണിക മൂലഗ്രന്ഥമാണ് ‘ആര്യ മഞ്ജുശ്രീമൂലകല്‍പ്പം’. ശ്രീമൂലവാസം കേന്ദ്രമാക്കി കേരളത്തില്‍ പ്രചരിച്ചിരുന്ന തന്ത്രിക ബുദ്ധമതത്തിന്റെ ആചാര്യനായിരുന്ന ആര്യ മഞ്ജുശ്രീയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. ലോകത്തില്‍ ഇതിന്റെ രണ്ടു പ്രതികേെള കണ്ടുകിട്ടിയിട്ടുള്ളൂ. അതിലൊന്നു തിരുവിതാംകൂറില്‍ നിന്നാണെന്നു പുരാശാസ്ത്രപണ്ഡിതനായ വി. ആര്. പരമേശ്വരന് പിള്ള സാക്ഷ്യപ്പെടുത്തുന്നു. ഓണാട്ടുകരയിലെ കണ്ടിയൂര്‍ക്ഷേത്രം തന്ത്രിമാരുടെ മറ്റത്തു മഠത്തില്‍ നിന്നാണ് ആ പ്രതി ലഭിച്ചിട്ടുള്ളതെന്നാണ് ചെങ്ങന്നൂര്‍ സ്വദേശിയും പ്രമുഖ ഗവേഷകനും പണ്ഡിതനുമായ ഡോ. കെ. രാഘവന്‍പിള്ള സ്ഥിരീകരിക്കുന്നുണ്ട്.
ബൗദ്ധകേന്ദ്രമായിരുന്ന ശ്രീമൂലവാസത്തെക്കുറിച്ചുള്ള അറിവ് നല്കുന്ന അതുലന്റെ ‘മൂഷികവംശം’ എന്ന കൃതിയുടെ വ്യാഖ്യാതാവ് കൂടിയായിരുന്നു ഡോ. രാഘവന്‍പി
ള്ള. ബുദ്ധവിഗ്രഹം, പോലെതന്നെ ആര്യമഞ്ജുശ്രീമൂലകല്പഗ്രന്ഥവും ഓണാട്ടുകര ദേശത്തിന് ബുദ്ധമതവുമായുള്ള അഭേദ്യമായ ബന്ധത്തെയാണു കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: