കോട്ടയം: തൃശ്ശൂരില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് ബലിയാടാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്‍ഡിഎയുടെ കോട്ടയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയെ ജയിപ്പിക്കാമെന്ന് അച്ചാരം വാങ്ങിയാണ് മുരളീധരന്‍ വന്നിരിക്കുന്നത്. സ്വന്തം അമ്മയെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യവിരുദ്ധരെ തള്ളിപ്പറയാന്‍ തയാറായില്ല. തള്ളിപ്പറഞ്ഞാല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് കുറയുമെന്നാണ് ഭയം, സുരേന്ദ്രന്‍ പറഞ്ഞു.
മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാന്‍ ഇടയായത്, ആലപ്പുഴ മണ്ഡലം കെ.സി. വേണുഗോപാലിന് വേണം എന്നതിനാലാണ്. അതിന് മുരളീധരനെ ബലിയാടാക്കുകയായിരുന്നു. മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്കാനായി വടകരയില്‍ നിന്ന് മുരളീധരനെ മാറ്റി.
മോദിയുടെ നയങ്ങളില്‍ ആകൃഷ്ടയായാണ് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ എത്തുന്നത്. അവര്‍ കോണ്‍ഗ്രസിന്റെ വഞ്ചന മനസിലാക്കി. പദ്മജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം രാഷ്‌ട്രീയ എതിരാളികള്‍ പോലും പ്രയോഗിച്ചിട്ടില്ല. കെ. മുരളീധരന്‍ മാറിയ അത്രയും പാര്‍ട്ടി കേരളത്തിലെ ഒരു രാഷ്‌ട്രീയക്കാരനും മാറിയിട്ടില്ല. കെ. കരുണാകരന്‍ ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്നും കേരളത്തില്‍ വികസനം കൊണ്ടുവന്ന ആളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍ഡിഎ കോട്ടയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രനും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ചേര്‍ന്ന് നിര്‍വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണ മേനോന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍.പി. സെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: