ന്യൂദല്‍ഹി: ശിവമോഗ ഐഎസ് ഗൂഢാലോചനക്കേസില്‍ ഒരു പ്രതിയെക്കൂടി ഉള്‍പ്പെടുത്തി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. അറാഫത്ത് അലിക്കെതിരെയാണ് കുറ്റപത്രം.
ഇയാളെക്കൂടാതെ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് ഷാരിഖ്, മാസ് മുനീര്‍ അഹമ്മദ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹിയില്‍ വച്ചാണ് അലി അറസ്റ്റിലായത്. കെനിയയിലെ നെയ്റോബിയില്‍ ഒളിവിലായിരുന്നു ഇയാള്‍. ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായത്.
ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന് സംഘടനകളെ പിന്തുണച്ച് ചുമരെഴുത്ത് നടത്തിയ കേസിലാണ് പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഗ്രാഫിറ്റി കേസുകളില്‍ പ്രതികളായ മുഹമ്മദ് ഷാരിഖും മാസ് മുനീര്‍ അഹമ്മദും ലഷ്കര്‍ സിന്ദാബാദ് എഴുത്തുകള്‍ പ്രചരിപ്പിച്ചത്.
2020 മുതല്‍ അറാഫത്ത് അലി ഒളിവിലാണ്. ഐഎസ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. കൂടാതെ വിദേശത്തിരുന്ന് ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അറാഫത്ത് സജീവമായിരുന്നു.
ശിവമോഗ സ്ഫോടനക്കേസിലെ പ്രതികളുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രം തകര്‍ക്കാനായി മുഹമ്മദ് ഷാരിഖ് ഓട്ടോയില്‍ കൊണ്ടുപോയ പ്രഷര്‍ കുക്കര്‍ ഐഇഡി അബദ്ധത്തില്‍ വഴിയില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: