ബാരാമതി(മഹാരാഷ്‌ട്ര): ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത്പവാറിന്റെ ഭാര്യ സുനേത്ര പവാറും അമ്പലമുറ്റത്ത് ഒരുമിച്ചുകണ്ടതും വാര്‍ത്തയാക്കി മറാഠാ മാധ്യമങ്ങള്‍.
ബാരാമതിയിലെ മത്സരക്കളത്തില്‍ ഇവര്‍ എതിരാളികളായേക്കും എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണിത്. ജലോച്ചി ഗ്രാമത്തിലെ കാമേശ്വര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തിലാണ് രണ്ടുപേരും തമ്മില്‍കണ്ടത്. ആലിംഗനം ചെയ്തും കൈകൂപ്പിയും സുപ്രിയയും സുനേത്രയും വിശേഷങ്ങള്‍ പങ്കുവച്ചു. വീട്ടിലെ വിവരങ്ങള്‍ തിരക്കി. കൂട്ടത്തില്‍ സുനേത്ര സുപ്രിയയെ സ്വന്തം വീട്ടിലേക്കും ക്ഷണിച്ചു. രാഷ്‌ട്രീയത്തിലെ പിണക്കം വീട്ടില്‍ വേണ്ടെന്ന് സുനേത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്‍സിപിയുടെ എംപിയായി സുപ്രിയ മത്സരിക്കുന്ന ബാരാമതി അജിത് പവാര്‍ എന്‍ഡിഎയുടെ ഭാഗമായതോടെയാണ് കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബാരാമതി സുപ്രിയയുടെ സീറ്റല്ല, എന്‍സിപിയുടേതാണെന്ന് നേരത്തെ അജിത് പറഞ്ഞതും ചര്‍ച്ചയായിരുന്നു. സുപ്രിയയല്ല ആര് നിന്നാലും ബാരാമതിയില്‍ ജയിക്കുക എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും. സുപ്രിയ ഇപ്പോള്‍ എന്‍സിപിയല്ല, എന്നായിരുന്നു അജിതിന്റെ പ്രസ്താവന. ഇതേത്തുടര്‍ന്നാണ് സുനേത്ര എന്‍സിപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക