മാലെ: ഭാരതവുമായുള്ള നയതന്ത്രബന്ധം വഷളായതോടെ മാലദ്വീപ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി. മാലദ്വീപ് സന്ദര്‍ശിക്കുന്ന ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം 33 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മാലദ്വീപ്
ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകളിലാണ് പുതിയ വിവരം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാല് വരെ 41,054 ഭാരതീയരാണ് മാലദ്വീപിലെത്തിയത്. 2024 മാര്‍ച്ച് രണ്ട് വരെയുള്ള കണക്ക് പ്രകാരം 27,224 പേര് മാത്രമാണെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,830 പേരുടെ കുറവ്. 2023ല്‍ മാലദ്വീപ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ പത്തു ശതമാനവും ഭാരതീയരായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഇപ്പോഴിത് ആറായി ചുരുങ്ങി. നിലവില്‍ കൂടുതലാളുകള്‍ മാലദ്വീപിലേക്കെത്തുന്നത് ചൈനയില്‍ നിന്നാണ്. ഈ വര്‍ഷമിതുവരെ 54,000 പേരാണ് എത്തിയത്.
ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡെപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. സംഭവം വിവാദമായതോടെ മൂന്ന് പേരെയും മാലദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി അവിടേക്കു സന്ദര്‍ശകരെ ക്ഷണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഇത് മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: