മഹാവിഷ്ണുവിന്റെ ധര്മപത്നിയാണ് മഹാലക്ഷ്മി. ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയായ ലക്ഷ്മി പാലാഴിമഥനത്തില്‍ നിന്ന് ഉത്ഭവിച്ചവളത്രേ. കാമദേവന്റെ മാതാവായും ലക്ഷ്മി അറിയപ്പെടുന്നുണ്ട്. മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളില്‍ ആരാധിച്ചുവരുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിവയാണ് അഷ്ടലക്ഷ്മീസങ്കല്പം. നവരാത്രികാലത്ത് ദുര്‍ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്ന പതിവുണ്ട്. ക്രിയാശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ സങ്കല്പിക്കുന്നത്.
ദേവീഭാഗവതത്തില്‍ മഹാലക്ഷ്മിയുടെ ഉത്ഭവകഥ വിവരിക്കുന്നത് ഇങ്ങനെ: സൃഷ്ടിയുടെ ആരംഭകാലത്ത് പരമാത്മാവിന്റെ ഇടതുഭാഗത്തു നിന്നും ഒരു ദേവി ഉടലെടുത്തു. ആ ദേവിതന്നെ ലക്ഷ്മിയും രാധയുമായി മാറി. ലക്ഷ്മിയാണ് മഹാവിഷ്ണുവിന്റെ വല്ലഭയായത്. പല കാലത്തായി ലക്ഷ്മീദേവി പല അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
ലക്ഷ്മീദേവി മുഖ്യദേവതയായിട്ടുള്ള ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറെയില്ല. വരദാഭയമുദ്രകളും പത്മങ്ങളും ധരിച്ചുകൊണ്ടും പത്മത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതുമായ രൂപസങ്കല്‍പങ്ങളാണ് പൊതുവെയുള്ളത്. കന്നിമാസത്തിലെ മകം നക്ഷത്രത്തില്‍ ലക്ഷ്മീദേവിയെ പ്രത്യേകം പൂജിച്ചുവരുന്നു.
വീടുകളില്‍ അരിമാവുകൊണ്ട് കളം വരച്ച് അതിന്മേല് ആവണപ്പലകയുമിട്ട് നാക്കിലയില്‍ നെല്ക്കതിര് കുളിപ്പിച്ചുവെച്ച് താലിമാലയും ഗന്ധപുഷ്പങ്ങളും ചാര്‍ത്തി ഗൃഹനാഥന് ലക്ഷ്മീപൂജ നിര്‍വ്വഹിക്കാറുണ്ട്. കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരുന്നു. ചില പ്രത്യേകതരം കറികളും മറ്റും ലക്ഷ്മീപൂജയുടെ നിവേദ്യത്തിനായി അന്നേദിവസം ഒരുക്കാറുണ്ട്. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിദിവസം ലക്ഷ്മീപൂജ ചെയ്യുന്നതും വിശിഷ്ടമാണ്. ദീപാവലിദിനവും ലക്ഷ്മീപ്രീതികര്മ്മങ്ങള്ക്ക് ഉത്തമം.
ഗ്രഹദോഷങ്ങള്‍ മാറാന്‍ ലക്ഷ്മീഭജനം
ജ്യോതിഷത്തില്‍ ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. രജോഗുണപ്രധാനിയാണ് ശുക്രന്. സൗന്ദര്യം, സമ്പത്ത്, ആഡംബരങ്ങള്‍ തുടങ്ങിയവയുടെയൊക്കെ കാരകന്‍. ക്രിയാശക്തിയുടെ പ്രതീകമായ മഹാലക്ഷ്മിയും രജോഗുണമൂര്‍ത്തിയാണ്. ശുക്രദശാകാലത്ത് വെള്ളിയാഴ്ചകളില്‍ മഹാലക്ഷ് മീക്ഷേത്രദര്ശനം നടത്തുന്നത് ഉത്തമമാണ്. ജന്മനക്ഷത്രദിനത്തിലും ഇതാവാം. മഹാലക്ഷ്മീക്ഷേത്രങ്ങള് വിരളമായതിനാല്‍ സ്തോത്രങ്ങള്‍, പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ തുടങ്ങിയവയുടെ ജപം, ലക്ഷ്മീപൂജ എന്നിവ നടത്താം. ശുക്രന് ജാതകത്തില്‍ അനിഷ്ടഭാവസ്ഥിതനോ അനിഷ്ടഭാവാധിപത്യമുള്ളവനോ കുജന് തുടങ്ങിയ അനിഷ്ടഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികളോടുകൂടിയവനോ ആയാല്‍ മംഗല്യവിഷയങ്ങളില് ദുരിതം, ശത്രുത, തുടങ്ങിയവ നേരിടാം. ഈ ഘട്ടത്തില്‍ ദോഷശമനത്തിന് ശുക്രഭജനവും മഹാലക്ഷ്മീഭജനവും നല്ലതാണ്. ലക്ഷ്മീനാരായണപൂജ നടത്തുന്നതും ലക്ഷ്മീനാരായണസ്തോത്രങ്ങള് ജപിക്കുന്നതും ഫലപ്രദമാണ്. അലങ്കാര പ്രിയയായ ലക്ഷ്മീദേവിക്ക് വിവിധ വര്‍ണങ്ങളിലുള്ള ഉത്തമപുഷ്പങ്ങളാല് അര്‍ച്ചന നടത്തുന്നത് ഐശ്വര്യപ്രദമാണ്. ശ്രീസൂക്തം കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നതും സമ്പദ്സമൃദ്ധികരമാണ്.
കന്നി, കുംഭം രാശികള്‍ ലഗ്നമായി ജനിച്ചിട്ടുള്ളവരും ശുക്രന് ജാതകത്തില്‍ ഒന്‍പതില്‍ നില്‍ക്കുന്നവരും പതിവായി മഹാലക്ഷ്മിയെ ആരാധിച്ചാല്‍ ഭാഗ്യാനുഭവങ്ങള്‍ ഇരട്ടിക്കും. ആയില്യം, കേട്ട, രേവതി, പുണര്‍തം, വിശാഖം, പൂരുരുട്ടാതി, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ ശുക്രദശാകാലത്ത് മഹാലക്ഷ്മീഭജനം പതിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: