ശിവഭഗവാന്റെ ഭൂതഗണങ്ങളില് പ്രധാനിയാണ് നന്ദികേശന്. എന്നാല്‍ ഭക്തര്‍ ശിവവാഹനമായ കാളയായിട്ടാണ് നന്ദിയെ കാണുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും നന്ദിയുടെ ഒരു പ്രതിഷ്ഠയും ഉണ്ടാകും. നന്ദിയുടെ സ്ഥാനം ചിലക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് പുറത്തും മറ്റുചിലയിടങ്ങളില്‍ സോപാനത്തോട് ചേര്‍ന്നോ, നമസ്കാര മണ്ഡപത്തിലോ ആയിരിക്കും. ശിവഭഗവാന്റെ വാഹനമായതിനാല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ നന്ദിയെ തൊഴുത് പ്രാര്‍ത്ഥിക്കാറുണ്ട്.
തിരുവനന്തപുരത്തെ പ്രശസ്തമായ തളിയല്‍ മഹാദേവ ക്ഷേത്രത്തിലും ഒരു നന്ദിയുണ്ട്. ശ്രീകോവിലിനോട് ചേര്‍ന്ന് സോപാനത്തിന് സമീപം ശ്രീകോവിലിലേക്ക് നോക്കി കിടക്കുന്ന നന്ദി. മറ്റെങ്ങുമില്ലാത്തൊരു പ്രത്യേകത തളിയലിലെ നന്ദിക്കുണ്ട്. കരിങ്കല്ലില്‍കൊത്തിയ നന്ദിയുടെ പ്രതിമ ദിവസംതോറും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പേ നന്ദിയെ പ്രദക്ഷിണം വച്ച് തൊഴുതുകൊണ്ടിരുന്ന ഭക്തര്‍ നന്ദി വളരുകയാണെന്ന് സമ്മതിക്കുന്നു. ഇപ്പോള്‍ നന്ദിയെ പ്രദക്ഷിണം വയ്ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നന്ദി വളരുന്നത് കൊണ്ടാണെന്നാണ് ഭക്തര്‍ പറയുന്നത്.
ഈ നന്ദി തളിയല്‍ ക്ഷേത്രത്തിലേതല്ല എന്നാണ് ഐതിഹ്യം. സമീപത്തുള്ള കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലേതാണ്. ആ കഥ ഇങ്ങനെ: രാത്രി കാലങ്ങളില്‍ നന്ദി, കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും ഇറങ്ങി സമീപത്തുള്ള തളിയല്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തും. വെളുപ്പിന് തിരികെ കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലെത്തും. ഒരിക്കല്‍, തിരികെ കാന്തള്ളൂരെത്താന് സാധിച്ചില്ല. കാന്തള്ളൂര്‍ മഹാദേവന് കോപിക്കുമെന്നു പേടിച്ച് ശിവാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്ന നന്ദി ഒരശരീരി കേട്ടു. ഇനി കാന്തള്ളൂര്ക്ക് പോകേണ്ട, ഇവിടെ തന്നെ കിടന്നോളൂ എന്ന്. അങ്ങനെയാണ് നന്ദി, തളിയല്‍ മഹാദേവന്റെ മുന്നില്‍ മാപ്പ് ചോദിക്കുന്ന മട്ടില്‍ കിടക്കുന്നത്. കാന്തള്ളുര്‍ മഹാദേവന് തന്നെയാണ് തളിയലില്‍ കുടികൊള്ളുന്നതെന്നും വിശ്വാസമുണ്ട്. കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തളിയല്‍ മഹാദേവക്ഷേത്ര കടവിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: