Categories: Article

ഡി.അശ്വനീദേവ് അനുസ്മരണം: ബഹുമുഖ പ്രതിഭ; മികച്ച സംഘാടകന്‍

Published by

വി. രാജേന്ദ്രന്‍

പ്രീയപ്പെട്ട സഹോദരന്‍ ഡി.അശ്വനീദേവിന്റെ മരണം ആഴത്തിലുള്ള വേദനയാണ് നല്‍കിയത്. അപകടത്തില്‍പ്പെട്ട് ഏറെനാളുകളായി അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ശരീരത്തില്‍ തങ്ങി നിന്നിരുന്ന ജീവന്റെ തുടിപ്പ് മഹാശിവരാത്രിയുടെ സുദിനത്തില്‍ രാവിലെ 10 മണിയോടുകൂടിയാണ് ഭഗവത്പാദങ്ങളിലെത്തി മോക്ഷം പ്രാപിച്ചത്.

കായംകുളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ഡി. അശ്വനീദേവ്. എബിവിപി പ്രവര്‍ത്തകനായും സംഘ, ബിജെപി പ്രവര്‍ത്തകനായും ശ്രീരാമകൃഷ്ണ ഭക്തനായും മികച്ച പ്രഭാഷകനായും നല്ല നഗരസഭാ കൗണ്‍സിലറായും അശ്വനി നിറഞ്ഞുനിന്നു. അദ്ധ്യാത്മിക ചിന്തകളും പാട്ടും കവിതയുമൊക്കെയായി അശ്വനിയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍ അദ്ദേഹത്തോടടുത്തിട്ടുള്ളവരുടെ മനസ്സില്‍ എപ്പോഴും പച്ചപിടിച്ചു നില്‍ക്കും.
1980 ഡിസംബറില്‍ കായംകുളം എംഎസ്എം കോളജിലെ എന്റെ ബിരുദ വിദ്യാഭ്യാസ കാലത്ത് ബോംബെയില്‍ നടന്ന ബിജെപിയുടെ ഒന്നാം ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോള്‍ കൂടെ വരാന്‍ ഒരാള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളം പിന്നാലെ കൂടിയാണ് പ്രീഡിഗ്രിക്ക് പരാജയപ്പെട്ട കെഎസ്‌യുക്കാരനായ അശ്വനിദേവിനെ അന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന ഭാരതീയ ജനതാ വിദ്യാര്‍ത്ഥിമോര്‍ച്ചയില്‍ അംഗമാക്കിയത്. കോളജിലെ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറുമാക്കി. അക്കാലത്ത് കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ശ്രീമദ് സ്വാമി കൈവല്യാനന്ദജി മഹരാജ് യുവസന്യാസിയായി എത്തിയ സന്ദര്‍ഭമായിരുന്നു. ഒരു മാര്‍ച്ചു മാസത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ ആദ്യദിവസം തന്നെ ഞാന്‍ പരിചയപ്പെട്ടു. പിന്നീട് അശ്വനീദേവിനെ സ്വാമിജിക്കു പരിചയപ്പെടുത്തി. അക്കാലത്ത് കായംകുളത്ത് സംഘപ്രവര്‍ത്തനം കുറെയൊക്കെ സജീവമായി വരുന്നുണ്ടായിരുന്നു. ക്രമേണ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലും അയാളെ എത്തിക്കാന്‍ സാധിച്ചു.

അശ്വനീദേവ് പ്രീഡിഗ്രിക്കു പരാജയപ്പെട്ടത് ഞാനും സ്വാമിജിയും കാരണമാണെന്ന് അശ്വനിയുടെ അച്ഛന്‍ ആരോപിച്ചത് എനിക്ക് വലിയ വിഷമത്തിനു കാരണമായി. കൂടാതെ അന്നത്തെ കോണ്‍ഗ്രസ് നേതാവും കായംകുളം നഗരസഭാ ചെയര്‍മാനും കൂടിയായ ടി.എ. ജാഫര്‍കുട്ടിയും ഇതാവര്‍ത്തിച്ചു. ഇതോടെ ഞാന്‍ വളരെ കടുത്ത വാക്കുകളില്‍ അശ്വനിയെ ശാസിച്ചു. ‘നീ കാരണമാണ് ഞാനിതൊക്കെ കേള്‍ക്കുന്നത്. അതുകൊണ്ട് നീ മര്യാദയ്‌ക്ക് ട്യൂഷനു പോയി പഠിച്ച് പരീക്ഷ ജയിച്ചേ പറ്റൂ. ഇനി എനിക്കിതു കേള്‍ക്കാന്‍ വയ്യ’. എല്ലാ ചെലവുകളും കൊടുക്കാമെന്നു ഉറപ്പും കൊടുത്തു. ഇതോടെ പ്രീഡിഗ്രി പാസ്സായി. മാര്‍ക്കു കുറവായതിനാല്‍ തുടര്‍ പഠനത്തിന് മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ ശുപാര്‍ക്കായി രാവിലെ 6 മണിക്ക് പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ പൊന്നന്‍ തമ്പിയെന്ന മറ്റൊരു സുഹൃത്തിനും അഡ്മിഷനു ശുപാര്‍ശ ചെയ്യണമെന്നായി അശ്വനി. രണ്ടു പേരേയും കൂട്ടി ഞാന്‍ സൈക്കിളില്‍ പ്രിന്‍സിപ്പല്‍ അഹമ്മദ് ബഷീറിന്റെ വീട്ടിലും ഓഫീസിലും പോയി രാവിലെ 11 മണി വരെ കുത്തിയിരുന്നു.

കടുത്ത സമ്മര്‍ദ്ദം ചെലുത്തി അഡ്മിഷന്‍ ശരിയാക്കിയപ്പോള്‍ ഇവരുടെ രക്ഷകര്‍ത്താക്കള്‍ കോളജില്‍ വരില്ലെന്നറിയിച്ചു. ഇതേ തുടര്‍ന്നു എംഎസ്എം ട്രസ്റ്റ് സെക്രട്ടറി ഹാജി എ. എസ്.ഹമീദ് ആവശ്യപ്പെട്ടതു പ്രകാരം ഞാന്‍ രണ്ടു പേര്‍ക്കും വേണ്ടി രക്ഷകര്‍ത്താവായി 5 രൂപാ പത്രത്തില്‍ ബോണ്ട് ഒപ്പിട്ടു കൊടുത്തു. 80 രൂപാ ഫീസടയ്‌ക്കാന്‍ ഇല്ലാത്തിനാല്‍ കോളജിലെ കാഷ്യര്‍ സോമന്‍ പിള്ളച്ചേട്ടനോട് കടം പറഞ്ഞു. അക്കാലത്ത് ഞാന്‍ യുവമോര്‍ച്ച ദേശീയ സമിതിയംഗം, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം, ആദ്യത്തെ കായംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ എന്നീ ചുമതലകള്‍ കൂടി വഹിച്ച് ബിജെപി രാജേന്ദ്രന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്നു. ഇക്കാലത്ത് പാറയില്‍ രാധാകൃഷ്ണന്‍, മഠത്തില്‍ ബിജു എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോള്‍ കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളാണ്. അശ്വനിദേവ്, വി.എന്‍. പ്രഭാകരന്‍പിള്ള, പാറയില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഞാന്‍ റാന്നിയില്‍ ഫയല്‍ ചെയ്തിരുന്ന ശബരിമല യുവതി പ്രവേശനക്കേസ്സിലെ സാക്ഷികള്‍ കൂടിയായിരുന്നു

പിന്നീട് ഞാന്‍ 1986ല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എങ്കിലും ഞാന്‍ നിരന്തരം അശ്വനീദേവ് അടക്കമുള്ളവരെ ബന്ധപ്പെടുമായിരുന്നു. കായംകുളം 34-ാം വാര്‍ഡില്‍ അശ്വനി മത്സരിച്ചപ്പോള്‍ ഞാന്‍ രണ്ടാഴ്ച അവധിയെടുത്ത് ശ്രീരാമകൃഷ്ണാശ്രമത്തില്‍ താമസിച്ചു കൊണ്ട് തെരഞ്ഞെടുപ്പു കാര്യങ്ങള്‍ ശ്രദ്ധിച്ചു. ജയിക്കുകയും ചെയ്തു. ഹരിപ്പാട് അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ വിവരം ആദ്യം എന്നെ അറിയിച്ച് അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ടു. 1984ല്‍ കേരളത്തില്‍ എത്തുന്ന അടല്‍ജിയുടെ ഫോട്ടോയുള്ള പോസ്റ്റര്‍ എറണാകുളം എംജി റോഡിലുള്ള ദ്രൗപതി ബില്‍ഡിംഗിസിലെ അന്നത്തെ ഒറ്റമുറി ബിജെപി ഓഫിസില്‍ നിന്ന് ചുമന്നെടുത്തു റെയില്‍വേ സ്റ്റേഷനില്‍ വന്നപ്പോള്‍ ട്രെയിന്‍ ടിക്കറ്റ് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് ഇടയ്‌ക്കിടെ വേണാട് എക്‌സ്പ്രസ്സിന്റെ ടോയ്‌ലറ്റില്‍ കയറി യാത്ര ചെയ്താണ് കായംകുളത്തെത്തിയത്. ഇതേച്ചൊല്ലി ഞങ്ങള്‍ നന്നായി കലഹിച്ചു. ഞാന്‍ പലപ്പോഴും ഒരു സഹോദരന്റെ എല്ലാവിധ അധികാരങ്ങളോടും കൂടി കടുത്ത വാക്കുകളില്‍ ശാസിക്കുമായിരുന്നെങ്കിലും ഒരു പിണക്കവുമില്ലാതെ നിസ്സംഗതയോടെ കേട്ടിരിക്കും. സ്‌നേഹത്തിനു ഒട്ടും കുറവുമില്ലായിരുന്നു. കായംകുളത്തെ സംഘപരിവാര്‍ വൃത്തങ്ങളില്‍ ഞാന്‍ എന്നും അശ്വനിദേവിന്റെ രക്ഷകര്‍ത്താവായും സഹോദരനായുമൊക്കെ അറിയപ്പെട്ടിരുന്നു.
ബഹുമുഖ പ്രതിഭയായിരുന്നു അശ്വനി. മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്നു. വിശാലമായ വായനയും അതിലൂടെ ആര്‍ജിച്ച അറിവും അശ്വനിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ശബരിമല ക്ഷേത്രദര്‍ശനം അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു എന്നു തന്നെ പറയാം. കൃത്യമായി വ്രതംനോറ്റ് എല്ലാ വര്‍ഷവും ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ജനം ടിവിക്കായി, അപകടത്തില്‍പ്പെടുന്നതുവരെ എല്ലാവര്‍ഷവും മകരവിളക്ക് കമന്ററി പറഞ്ഞിരുന്നത് അശ്വനിയാണ്.

അപകടത്തില്‍പ്പെട്ട് ലേക്ക്‌ഷോര്‍ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വിളിച്ചത് ആ സമയത്ത് മധുരയിലായിരുന്ന എന്റെ ഫോണിലേയ്‌ക്കായിരുന്നു. വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാനും ഭാര്യയും കാണാന്‍ പോയിരുന്നു. ഞാന്‍ എഴുന്നേല്‍ക്കെടോയെന്നു ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ചുണ്ടകള്‍ ഒന്നനങ്ങി. കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നീട് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂരില്‍ സഹോദരിയുടെ വീട്ടില്‍ കാണാന്‍ പോയപ്പോള്‍ ഉറക്കെ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. കൂടുതല്‍ ക്ഷീണിതനുമായിരുന്നു.

അവിവാഹിതനായി ഒരു മനുഷ്യായുസിന്റെ കൂടുതല്‍ സമയവും ആദര്‍ശധീരതയോടെ നിഷ്‌ക്കാമ കര്‍മ്മയോഗിയായി സ്വജീവിതം രാഷ്‌ട്ര സേവനത്തിനായി സമര്‍പ്പിച്ച അശ്വനിദേവ് ഇനി ജീവനോടെയില്ലെന്നുള്ള യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാനാവുന്നില്ല. വല്ലാത്ത ശൂന്യതയും നഷ്ടബോധവും അനുഭവപ്പെടുന്നു. ഇനി എന്റെ ഫോണിലേയ്‌ക്ക് തികഞ്ഞ ബഹുമാനത്തോടെ സഹോദര തുല്യമായ സ്‌നേഹത്തോടെയുള്ള അവന്റെ വിളി ഉണ്ടാവുകയില്ല. ‘നീ എവിടെയാണ്, അശ്വനീയെന്നു എനിക്കു ഇനി ഒരിക്കലും വിളിക്കാനും സാദ്ധ്യമല്ല. ഇനിയും അവനു വേണ്ടി പക്ഷംപിടിച്ചതായി ആരും എനിക്കെതിരെ പരാതിയും പറയില്ലല്ലോ.

(ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവും ശബരിമല യുവതി പ്രവേശന കേസിലെ ആദ്യ ഹര്‍ജിക്കാരനുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക