തൃശ്ശൂര്‍: പദ്മജയുടെ ബിജെപി പ്രവേശത്തില്‍ കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്. മണ്ഡലം മാറ്റത്തില്‍ കെ. മുരളീധരന് അതൃപ്തി. സിറ്റിങ് സീറ്റില്‍ പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നതില്‍ അമര്‍ഷവുമായി ടി.എന്‍. പ്രതാപന്. അനുനയിപ്പിക്കാന്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് നേതൃത്വം.
തന്നോട് ആലോചിക്കാതെ വടകരയില്‍ നിന്നു തൃശ്ശൂരിലേക്കു മാറ്റിയതിലാണ് കെ. മുരളീധരന് അലോസരം. വടകരയില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തൃശ്ശൂരില്‍ അതില്ല. മൂന്നാം സ്ഥാനത്തു പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തു മത്സരിച്ച കെ. മുരളീധരന് മൂന്നാം സ്ഥാനത്തായിരുന്നു.
പദ്മജ പാര്‍ട്ടി വിട്ടത് കരുണാകരന്റെ തട്ടകമായ തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കും. ഈ തിരിച്ചടിയുടെ കനം കുറയ്ക്കാനാണ് മുരളിയെ കോണ്‍ഗ്രസ് തൃശ്ശൂരിലേക്കു മാറ്റിയത്. ഇതോടെ വടകരയിലും തൃശ്ശൂരും പരാജയമുറപ്പായെന്നാണ് നേതൃത്വത്തിനെതിരായി ഉയരുന്ന വിമര്‍ശനം. വി.ഡി. സതീശനാണ് മണ്ഡലം മാറ്റത്തിന്റെ പിന്നില്‍. നിര്‍ത്തി തോല്‍പ്പിക്കാനുള്ള നീക്കമാണെന്നും മുരളി അനുകൂലികള്‍ കരുതുന്നു.
സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട വേദനയിലാണ് ടി.എന്‍. പ്രതാപന്. ആദ്യഘട്ടത്തില്‍ പരാജയം മണത്ത് പിന്മാറാന് ഒരുങ്ങിയതാണ് പ്രതാപന്. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചതോടെ സജീവമായി രംഗത്തിറങ്ങി. പണമൊഴുക്കി വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. ഒടുവില്‍ പതിനൊന്നാം മണിക്കൂറില്‍ പ്രാപ്തനല്ലെന്നു വിലയിരുത്തി സീറ്റ് നിഷേധിച്ചു.
പ്രതാപനെ അപമാനിച്ചെന്ന വികാരം കോണ്‍ഗ്രസിലുണ്ട്. മണ്ഡലത്തില്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ പ്രതാപനു വേണ്ടി 150ലേറെ കേന്ദ്രങ്ങളില്‍ ചുവരെഴുത്തുകളും നടത്തിയിരുന്നു. മൂന്നര ലക്ഷം പോസ്റ്ററുകള്‍ അച്ചടിച്ചു. അതിനിടെയാണ് മാറ്റം. പ്രതാപനെ മാറ്റിയത് ബുദ്ധിപരമായ നീക്കമെന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമെന്നാണ് വിമര്‍ശനം. അനുനയ നീക്കത്തിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ സീറ്റ് കൊടുക്കാമെന്ന് പ്രതാപന് ഉറപ്പു നല്‍കിയതായി പറയുന്നു.
എതിര് സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്നും ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിമാറ്റം തെരഞ്ഞെടുപ്പില്‍ ചലനമൊന്നുമുണ്ടാക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു. ഇരുവരും ആദ്യറൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. മുരളീധരന് ഇവരോടൊപ്പം ഓടിയെത്തുന്നത് അത്ര എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: