തിരുവനന്തപുരം: കുടുംബശ്രീ ജീവനക്കാര്‍ക്ക് ഇനി ആര്ത്തവവേളയില് ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം ‘ക്വിക് സര്‍വ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയല്‍ക്കൂട്ട, എഡിഎസ്, സിഡിഎസ് തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന് ‘ക്വിക്ക് സെര്‍വ്’ ടീമിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ലോഗോ പ്രകാശനവും അവര്‍ നിര്‍വഹിച്ചു. ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ് വിശിഷ്ടാതിഥിയായി. എഴുത്തുകാരി വിജയരാജ മല്ലിക, ചലച്ചിത്ര താരം ഷൈലജ പി. അംബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: