Categories: Football

സന്തോഷ് ട്രോഫി കലാശപ്പോര് ഇന്ന്; സര്‍വീസസ്-ഗോവ

Published by

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 77-ാം പതിപ്പിന് ഇന്ന് കൊടിയിറങ്ങും. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം.

ചരിത്രത്തിലെ അഞ്ചാം കിരീടത്തിനായാണ് ഗോവ ഇന്നിറങ്ങുന്നത്. ഇതിന് മുമ്പ് നാല് തവണയാണ് ടീം കിരീടം നേടിയിട്ടുള്ളത്. സര്‍വീസസ് ലക്ഷ്യമിടുന്നതാകട്ടെ ഏഴാം കിരീടവും. ഇതിന് മുമ്പ് ആറ് തവണ അവര്‍ ജേതാക്കളായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ഗോവ കിരീടം നേടിയത് 15 വര്‍ഷം മുമ്പാണ്. 2008-09 സീസണില്‍ ഫൈനലില്‍ പശ്ചിമ ബംഗാളിനെ തോല്‍പിച്ചാണ് നാലാം കിരീടം നേടിയത്. അതില്‍ പിന്നെ 2016-17 സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും പശ്ചിമ ബംഗാളിനോട് പരാജയപ്പെട്ടു. സര്‍വീസസ് ഇതിന് മുമ്പ് കിരീടം നേടിയത് അഞ്ച് വര്‍ഷം മുമ്പ് 2018-19 സീസണിലാണ്. അന്ന് പഞ്ചാബ് ആയിരുന്നു എതിരാളികള്‍. 1960-61 സീസണിലായിരുന്നു സര്‍വീസസിന്റെ കന്നി കിരീടനേട്ടം. ഗോവയുടെ ആദ്യ കിരീട നേട്ടം 1983-84 സീസണിലാണ്. അതില്‍ പിന്നെ മൂന്ന് തവണ കൂടി അവര്‍ കിരീടത്തില്‍ മുത്തമിട്ടു. സര്‍വീസസ് ഇന്ന് ജേതാക്കളായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷ് ട്രോഫി നേടിയ ടീം എന്ന പട്ടികയില്‍ കേരളത്തിനൊപ്പം മൂന്നാം സ്ഥാനത്ത് പുതിയ അവകാശികളായി ചേരും. ഇതുവരെ ഏഴ് തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുള്ള കേരളം ഇക്കാര്യത്തില്‍ മൂന്നാമതാണ്. എട്ട് കിരീടങ്ങള്‍ നേടിയ പഞ്ചാബ് ആണ് ഒന്നാമത്. മുന്നിലുള്ള ടീം 32 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള വെസ്റ്റ് ബംഗാള്‍ ആണ്. അവര്‍ 14 തവണ റണ്ണറപ്പുകളും ആയിട്ടുണ്ട്.

ഇത്തവണത്തെ സന്തോഷ് ട്രോഫി ക്വാര്‍ട്ടറില്‍ ഒരുവിധത്തില്‍ കടന്നുകൂടിയ കേരളത്തെ തോല്‍പ്പിച്ച മിസോറാമിനെ സെമിയില്‍ കീഴടക്കിയാണ് സര്‍വീസസിന്റെ വരവ്. 2-1നായിരുന്നു അവരുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ റെയില്‍വേസിനെയാണ് ടീം തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സര്‍വീസസിന്റെ ക്വാര്‍ട്ടര്‍ വിജയം. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായണ് ഇവര്‍ നോക്കൗട്ടിലെത്തിയത്. ഇതേ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഗോവയും തുടങ്ങിയത്. ക്വാര്‍ട്ടറില്‍ ദല്‍ഹിയെ നേരിട്ട ഗോവ 2-1ന് ജയിച്ച് സെമിയിലെത്തി. സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി തോല്‍പ്പിച്ചു.

ഇരു ടീമുകളും പ്രാഥമിക റൗണ്ടില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോവ സര്‍വീസസിനെ തോല്‍പ്പിച്ചിരുന്നു. 2-1നാണ് ആ മത്സരവും വിജയിച്ചത്. സര്‍വീസസ് ടൂര്‍ണമെന്റില്‍ പരാജയപ്പെട്ട ഏക മത്സരം അത് മാത്രമാണ്. പ്രാഥമിക റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും ഗോവ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by