നാഗര്‍കോവില്‍: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശിവമന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ശിവാലയ ഓട്ടത്തിന് തുടക്കം. കന്യാകുമാരി ജില്ലയിലെ മുഞ്ചിറ തിരുമല മഹാദേവക്ഷേത്ര സന്നിധിയില്‍ ഇന്നലെ വൈകിട്ട് സന്ധ്യാ ദീപാരാധന തൊഴുതാണ് ഭക്തര്‍ ക്ഷേത്രദര്‍ശനം ആരംഭിച്ചത്.
കല്‍ക്കുളം, വിളവന്‍കോട്, കിള്ളിയൂര്‍ താലൂക്കുകളിലെ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നി 12 ശിവക്ഷേത്രങ്ങലെ വിവിധ രൂപത്തിലുള്ള രുദ്രന്മാരെ കാല്‍നടയായി സഞ്ചരിച്ച് ദര്‍ശനം നടത്തിയാണ് ഭക്തര്‍ ശിവാലയ ഓട്ടചടങ്ങ് നടത്തുന്നത്. കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ ആയിരക്കണക്കിന് ഭക്തരാണ് വിവിധ വാഹനങ്ങളില്‍ ഇന്ന് ദര്‍ശനത്തിന് എത്തുന്നത്.
ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്ന മുഞ്ചിറ ശിവക്ഷേത്രത്തിന് ചരിത്രമേറെയുണ്ട്. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിന്റെ കന്നിസ്ഥാനമാണ് മുഞ്ചിറ. സീതാന്വേഷണത്തിന് പുറപ്പെട്ട ശ്രീരാമന് ചിറകെട്ടാന്‍ ആദ്യം ഉദ്ദേശിച്ച സ്ഥലം എന്ന നിലയ്ക്കാണ് മുഞ്ചിറ എന്ന പേരു ലഭിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. പാറക്കൂട്ടങ്ങളോടു കൂടിയ കുന്നിന്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂര്‍ത്തി ശൂലപാണിയെന്ന് അറിയപ്പെടുന്നു.
രാജരാജചോളനാല്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 12 ശിവക്ഷേത്രങ്ങളിലേറ്റവും വലിയ ശിവലിംഗവും ഒപ്പം രുദ്രാക്ഷത്താല്‍ പൊതിഞ്ഞിരിക്കുന്നതുമെന്ന പ്രത്യേകതയുണ്ട്. തിരുനടയില്‍ നിന്നും ഇടത്തു മാറിയിരിക്കുന്ന നന്ദിക്കുമുണ്ട് ഐതിഹ്യം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ഹനുമാന്റെ ദര്‍ശനസൗകര്യത്തിനായി ഒതുങ്ങി മാറിയ കഥ. ധാരാളം പാറഗുഹകള് ഇവിടെ കാണാറുണ്ട്. ഗുഹകളില്‍ മുനിമാര്‍ തപസ്സു ചെയ്തിരിക്കുന്നതായും പറയപ്പെടുന്നു. ഇവിടെ നിന്നാണ് ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യകഥയ്ക്ക് തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: