തിരുവനന്തപുരം: ആക്കുളം പുല്ലുകാട് പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതില്‍ നാട്ടുകാര്‍ പോങ്ങുംമൂട്ടിലെ വാട്ടര്‍ അതോറിട്ടി ഓഫീസും മണ്‍വിളയിലെ പമ്പിംഗ് സ്റ്റേഷനും ഉപരോധിച്ചു. കഴിഞ്ഞ 22 ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടിടങ്ങളിലായി ജനങ്ങള്‍ പ്രതിഷേധിച്ചത്.
ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു മണ്‍വിളയിലെ വാട്ടര്‍ അതോറിട്ടിയുടെ പമ്പിംഗ് സ്റ്റഷനില്‍ സമീപവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. ഇവിടെ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനീയറെ തടഞ്ഞുവെച്ചു. 11 ന് പുല്ലുകാട് പ്രദേശത്തെ സ്ത്രീകള്‍ സംഘടിച്ചെത്തിയാണ് പോങ്ങുംമൂടിലെ വാട്ടര്‍ അതോറിട്ടി ഓഫീസ് ഉപരോധിച്ചത്. കുടിവെള്ളം ലഭിക്കാത്തതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അറിയിക്കാനായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയത്.
എന്നാല്‍ തീരുമാനം അറിയിക്കാന്‍ എഇ ഇല്ലായെന്ന ഒഴുക്കന്‍ രീതിയിലുള്ള ജീവനക്കാരുടെ പ്രതികരണത്തെ തുടര്‍ന്നായിരുന്നു സമാധാനപരമായി എത്തിയവര്‍ പ്രതിഷേധത്തിലേക്ക് മാറിയത്. ഓഫീസിന്റെ വാതിലുകള്‍ അടപ്പിച്ച് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് എഇ എത്തിയതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.
മണ്‍വിള വാട്ടര്‍ടാങ്കില്‍ ആവശ്യത്തിന് കുടിവെള്ളം എത്താത്തതാണ് പുല്ലുകാടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതെന്നാണ് എഇയുടെ വിശദീകരണം. താത്കാലികമായി നിഷിന് സമീപത്ത് നിന്നും പുല്ലുകാടിലേക്കുള്ള പൈപ്പിന്റെ വാല്‍വ് തുറക്കാമെന്നും വെളളം വന്നില്ലെങ്കില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കാമെന്നും എഇ ഉറപ്പുനല്‍കി.
എന്നാല്‍ വാല്‍വ് തുറക്കുന്നതുകൊണ്ട് വേണ്ട ഫലം കിട്ടില്ല. മാത്രവുമല്ല ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ടാങ്കറില്‍ കൊണ്ടുവരുന്ന കുടിവെള്ളം ശേഖരിക്കുന്നതിന് കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും. ടാങ്കര്‍ വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്തയിടങ്ങളിലുള്ളവരാണ് പ്രതിസന്ധി നേരിടേണ്ടി വരുന്നത്. അടിയന്തരമായി പൈപ്പ്ലൈന് വഴിയുള്ള കുടിവെള്ള വിതരണം നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അധികൃതര്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: