ചന്ദ്രയാൻ-4-ന് തയ്യാറെടുത്ത് ഐഎസ്ആർഒ. ചന്ദ്രയാൻ-3യിൽ നിന്നും വ്യത്യസ്തമായിരിക്കും അടുത്ത ചാന്ദ്ര ദൗത്യമെന്ന് ഇസ്രോ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത വിക്ഷേപണങ്ങളിലൂടെയാകും ദൗത്യം ചന്ദ്രനിലെത്തുക. രണ്ട് വിക്ഷേപണങ്ങൾക്കും എൽവിഎം-3, പിഎസ്എൽവി എന്നിവയാകും ദൗത്യത്തിന് ഉപയോഗിക്കുക. അഞ്ച് ബഹിരാകാശ വാഹന മൊഡ്യൂളുകളാണ് ഇതിൽ ഉൾപ്പെടുത്തുക. അതായത് ചന്ദ്രയാൻ-3ൽ നിന്നും അധികമായി രണ്ട് ഘടകങ്ങൾ പുതിയ ദൗത്യത്തിലുണ്ടാകും. ഇസ്രോ മേധാവി എസ് സോമനാഥാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.
ചന്ദ്രോപരിതലത്തിൽ നിന്നും രാജ്യത്തേക്ക് പാറകളും മണ്ണും തിരികെ കൊണ്ടുവരാനും ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് ചന്ദ്രയാൻ-3ൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ചന്ദ്രയാൻ-4ൽ ചന്ദ്രനിൽ നിന്നുള്ള സാമ്പികളുകൾ ഭൂമിയിൽ എത്തിക്കുന്നതിന് രണ്ട് ഘടകങ്ങൾ അധികം ഉണ്ടാകും.
ചന്ദ്രയാൻ-4ന്റെ പ്രധാന ഘടകങ്ങൾ
പ്രൊപ്പൽഷൻ മൊഡ്യൂൾ
ചന്ദ്രയാൻ-3ലെ വിക്രം ലാൻഡറിന് സമാനമായിരിക്കും ഇത്.
ഡിസെൻഡർ മൊഡ്യൂൾ
ചന്ദ്രോപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും.
അസെൻഡർ മൊഡ്യൂൾ
സാമ്പിളുകൾ സംഭരിച്ചതിന് ശേഷം അസെൻഡർ മൊഡ്യൂൾ ലാൻഡറിൽ നിന്നും പുറന്തള്ളും. ഇതിന് ശേഷമാകും ഭൂമിയിലേക്ക് മടങ്ങുക.
ട്രാൻസ്ഫർ മൊഡ്യൂൾ
ശേഖരിക്കുന്ന വിവരങ്ങൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നും പുറത്തെത്തിക്കാൻ നേതൃത്വം നൽകുന്നു.
റീഎൻട്രി മൊഡ്യൂൾ
ചന്ദ്രനിൽ നിന്നും തിരിച്ച ശേഷം ഭൂമിയിലേക്ക് ഇറങ്ങുന്ന ക്യാപ്സ്യൂളാണിത്.
രണ്ട് പ്രത്യേക വിക്ഷേപണങ്ങൾ
ചന്ദ്രയാൻ-4 ദൗത്യത്തിൽ പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവ രണ്ട് ഘട്ടങ്ങളായാണ് വിക്ഷേപിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3യിലാകും മൂന്ന് മൊഡ്യൂളുകൾ വിക്ഷേപിക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂൾ, അസെൻഡർ മൊഡ്യൂൾ, ഡിസെൻഡർ മൊഡ്യൂൾ എന്നിവയാണ് എൽവിഎം-3യിൽ ഉൾപ്പെടുന്നത്.
പിഎസ്എൽവിയിലാണ് ബാക്കിയുള്ള രണ്ട് മൊഡ്യൂളുകൾ വിക്ഷേപിക്കുന്നത്. ട്രാൻസ്ഫർ മൊഡ്യൂളും റീ-എൻട്രി മൊഡ്യൂളും ഇതിലാകും വിക്ഷേപിക്കുക. ഇവയിൽ ഏതാണ് ആദ്യം വിക്ഷേപിക്കുക എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇസ്രോ ഇതുവരെയും പങ്കുവച്ചിട്ടില്ല. എന്നാൽ ചാന്ദ്ര ദൗത്യത്തിൽ രണ്ട് വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുന്ന ചരിത്ര ദൗത്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: