പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ കുറെക്കാലമായി നടത്തിയ അതിക്രമങ്ങള്‍ രാജ്യമെമ്പാടും ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനം അവിടുത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കിയിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ നടമാടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് ഫാസിസത്തോടുള്ള ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ കാണാന്‍ കഴിഞ്ഞത്. സ്ത്രീകള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഹീനമായ കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരുന്ന സന്ദേശ്ഖാലി ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബരാസതില്‍ ബിജെപി സംഘടിപ്പിച്ച നാരീശക്തിവന്ദന്‍ സമ്മേളനത്തില്‍ ആയിരക്കണക്കിന് സ്ത്രീകളാണെത്തിയത്. തൃണമൂല്‍ നേതാവും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രിയങ്കരനുമായ ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഒരുപറ്റം അക്രമികള്‍ തങ്ങളെ പലതരത്തില്‍ പീഡിപ്പിച്ചതിനെക്കുറിച്ചും, പരാതികള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഈ അക്രമികളെ പോലീസ് സംരക്ഷിച്ചതിനെക്കുറിച്ചുമാണ് ഹതഭാഗ്യരായ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയോട് പറയാനുണ്ടായിരുന്നത്. കണ്ണീരോടെയാണ് അവര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വിവരിച്ചത്. സന്ദേശ്ഖാലിയിലെ നാരീശക്തി പ്രതിഷേധം കൊടുങ്കാറ്റായി ബംഗാളിലാകെ ആഞ്ഞടിക്കുമെന്നും, രാജ്യം മുഴുവന്‍ അതിനൊപ്പം നില്‍ക്കുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി, സന്ദേശ്ഖാലിയില്‍ സംഭവിച്ചത് നാണിപ്പിക്കുന്നതാണെന്നും പറയുകയുണ്ടായി.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥര്‍ റേഷന്‍ കാര്‍ഡ് കുംഭകോണ കേസില്‍ ഷാജഹാന്‍ ഷെയ്ഖിനെ ചോദ്യം ചെയ്യാനെത്തിയതോടെയാണ് എല്ലാറ്റിന്റെയും തുടക്കം. ഷെയ്ഖിന്റെ വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കുമേല്‍ അയാളുടെ ഗുണ്ടകള്‍ ചാടിവീണു. വീടിന്റെ പിന്‍ഭാഗത്തുകൂടി ഷെയ്ഖ് ഓടിരക്ഷപ്പെടുകയും ചെയ്തു. ഇതിന് കൂട്ടുനിന്ന പോലീസ് ഒളിവില്‍പോയ ഷെയ്ഖിനെ പിടികൂടാന്‍ തയ്യാറായില്ല. സിപിഎമ്മുകാരനായിരുന്ന ഷെയ്ഖ് അതിര്‍ത്തി പ്രദേശങ്ങളിലെ മുസ്ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അക്കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ഇയാള്‍ക്കെതിരായിരുന്നു. എന്നാല്‍ മമത അധികാരത്തിലെത്തിയതോടെ ഇയാള്‍ തൃണമൂലുകാരനായി. ഒരുകാലത്ത് സിപിഎമ്മിനുവേണ്ടി ചെയ്തിരുന്നതൊക്കെ പിന്നീട് മമതയുടെ പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ നസ്‌റത്ത് ജഹാനെ ജയിപ്പിക്കുന്നതിന് ഇയാള്‍ വലിയ പങ്കുവഹിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ജയിക്കുകയും ചെയ്തു. സിപിഎമ്മിനൊപ്പവും തൃണമൂലിനൊപ്പവും നിന്ന് കണക്കില്ലാത്ത സ്വത്ത് ഇയാള്‍ വാരിക്കൂട്ടി. ഏക്കറുകണക്കിന് ഭൂമിയും നിരവധി വാഹനങ്ങളും ആഡംബര വീടുകളും സ്വന്തമാക്കി. പട്ടികജാതി വിഭാഗങ്ങളുടെയടക്കം ആയിരത്തിലേറെ ഏക്കര്‍ ഭൂമിയാണ് ഷെയ്ഖും കൂട്ടാളികളും നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്നത്. ഭാരത പൗരനല്ലാത്ത ഷെയ്ഖ് ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറിവന്നയാളാണെന്നും പറയപ്പെടുന്നു. ജന്മസ്ഥലം എവിടെയാണെന്ന് ഒരിടത്തും പറയാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. ഇത് വെളിപ്പെടുമെന്നതിനാലാണത്രേ പോലീസിനു പിടികൊടുക്കാതെ ഒളിവില്‍പ്പോയത്. ഭാരതപൗരനാണെന്നു വരുത്താനുള്ള കൃത്രിമ രേഖകള്‍ നിര്‍മിക്കാന്‍ ഇക്കാലം ഇയാള്‍ ഉപയോഗിച്ചുവെന്നാണ് കരുതപ്പെടുന്നത്.
സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പല മാധ്യമങ്ങളും മനഃപൂര്‍വം അവഗണിക്കുകയായിരുന്നു. വാര്‍ത്ത നല്‍കിയവര്‍ തന്നെ അവിടുത്തെ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാജഹാന്‍ ഷെയ്ഖിന്റെ വിവരങ്ങള്‍ മൂടിവച്ചു. ഇതിനു കാരണം ഇയാള്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ ആയതിനാലാണത്രേ. ഷാജഹാന്‍ ഷെയ്ഖ് ഒളിവില്‍പ്പോയതോടെ അതുവരെ ഇയാളുടെ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ പരാതികളുമായി രംഗത്തുവരികയായിരുന്നു. ആ വിവരങ്ങള്‍ കേട്ട് പുറംലോകം ഞെട്ടി. കൊടുംക്രൂരതയുടെ ഒരു പരമ്പര തന്നെയാണ് ഷെയ്ഖും കൂട്ടാളികളും അഴിച്ചുവിട്ടിരുന്നത്. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. രാത്രികളില്‍ തൃണമൂല്‍ ഓഫീസുകളിലേക്ക് വിളിച്ചുവരുത്തിയാണ് ബലാത്സംഗം ചെയ്തിരുന്നത്. ഇതിന് എത്താതിരുന്നവരുടെ ഭര്‍ത്താക്കന്മാര്‍ ആക്രമിക്കപ്പെട്ടു. ഇത്തരം വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ സന്ദേശ്ഖാലിയിലേക്ക് നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും മറ്റും പ്രവേശിക്കാന്‍ മമത സര്‍ക്കാര്‍ അനുവദിച്ചില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്‍ക്കട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ഷെയ്ഖിനെ സിബിഐയ്‌ക്ക് വിട്ടുകൊടുത്തത്. മമതാ ഭരണത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നതിന്റെ ഭീകരമായ ചിത്രമാണ് സന്ദേശ്ഖാലി വരച്ചുകാട്ടുന്നത്. ഇതിനെതിരെ ഇപ്പോള്‍ അലയടിക്കുന്ന പ്രതിഷേധം തൃണമൂല്‍ വാഴ്ചയ്‌ക്ക് അന്ത്യംകുറിക്കുന്നതിലേക്ക് നയിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതിന് വേദിയൊരുക്കും. മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുവാഴ്ചയെപ്പോലെ ഒന്നരപ്പതിറ്റാണ്ടിലേക്ക് നീളുന്ന മമതാ ഭരണത്തിനും അന്ത്യം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: