ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുംബൈ മിറ്റിയോഴ്സിനെ കീഴടക്കി. സ്കോര്‍: 15-12, 16-14, 15-11. പ്രഭാകരനാണ് കളിയിലെ താരം. ജയിച്ചിരുന്നെങ്കില്‍ മുംബൈക്ക് സൂപ്പര്‍ ഫൈവ്സ് ഉറപ്പിക്കാമായിരുന്നു.
പ്രഭാകരന്റെ മികച്ച ബ്ലോക്കുകള്‍ തുടക്കത്തില്‍തന്നെ കൊല്‍ക്കത്തയ്ക്ക് ആധിപത്യം നല്കി. എന്നാല്‍ ശുഭത്തിന്റെ സൂപ്പര്‍ സെര്‍വ് കളി ഗതി മാറ്റി. സൗരഭ് മാന്‍ പ്രതിരോധത്തിലും തിളങ്ങി. പ്രഭാകരന് മിന്നുന്ന കളി തുടര്‍ന്നതോടെ കളി സന്തുലിതമായി. ഒടുവില്‍ വിനിത് കുമാറിന്റെ സൂപ്പര്‍ പോയിന്റ് കൊല്‍ക്കത്തയ്ക്ക് ലീഡ് കുറിച്ചു.
വിനിതിന്റെ ശ്രമങ്ങളെ തടഞ്ഞ് ആദിത്യ റാണ മുംബൈയെ സഹായിച്ചു. അമിത് ഗുലിയയുടെ തകര്‍പ്പന്‍ ആക്രമണങ്ങളിലൂടെ മുംബൈ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങള രാകേഷിന്റെ ഓള്‍റൗണ്ട് പ്രകടനം തടഞ്ഞു. മുംബൈ പിന്നാക്കം പോയി. അശ്വല്‍ റായിയുടെ ഒന്നാന്തരം പ്രകടനം കൊല്‍ക്കത്തയ്ക്ക് മറ്റൊരു സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. പിന്നാലെ തന്ത്രപരമായ റിവ്യൂവിലൂടെ കൊല്‍ക്കത്ത കളിയുടെ നിയന്ത്രണം കൈക്കലാക്കി.
പ്രഭാകരന്റെ സ്പൈക്കുകള്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. മറുവശത്ത് മുംബൈ പിഴവുകളില്‍ തളര്‍ന്നു. ഇതിനിടയിലും അമിതിന്റെ ആക്രമണങ്ങളാണ് മുംബൈക്ക് ആശ്വാസം പകര്‍ന്നത്. പക്ഷേ, പ്രഭാകരനും രാകേഷും മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. വിനിത് മറ്റൊരു സൂപ്പര്‍ പോയിന്റ് കുറിച്ചു. മുംബൈയുടെ സമ്മര്‍ദം കൂടി. ഒടുവില്‍ അര്‍ജുന്‍നാഥ് നയിച്ച മൂന്നംഗ പ്രതിരോധം കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: