കക്കയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് കക്കയം പാലാട്ടിയില്‍ അബ്രഹാമിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി.
ഭൗതികശരീരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂരാച്ചുണ്ടില്‍ എത്തി. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് കക്കയത്തെ പാലാട്ടിയിലെ വീട്ടില്‍ എത്തിച്ചത്.
കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരം അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയല്‍, വിന്‍സെന്റ് കണ്ടത്തില്‍, വിന്‍സെന്റ് കറുകമാലി, തുടങ്ങി പതിനഞ്ചോളം പുരോഹിതര്‍ സംസ്കാര ചടങ്ങിന് നേതൃത്വം നല്കി. രാഷ്ട്രീയ, സാമൂഹിക, കാര്‍ഷിക രംഗത്തെ നിരവധി പേര് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ടാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് അബ്രഹാം മരിച്ചത്. കുടുംബം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ രണ്ട് തവണ കോഴിക്കോട് കളക്ടറുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നില്ല. കളക്ടറേറ്റിനു മുന്നിലും മെഡിക്കല്‍ കോളജിലും കക്കയത്തും ശക്തമായ പ്രതിഷേധമാണ് നടന്നത്. കളക്ടറുമായുള്ള മൂന്നാംവട്ട ചര്‍ച്ചയിലാണ് പ്രതിഷേധപരിപാടികള്‍ അവസാനിപ്പിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയാറായത്.
അന്‍പത് ലക്ഷം നഷ്ടപരിഹാരം ലഭിക്കുന്നതിനും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനും സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കും. പത്ത് ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കാനും വന്യജീവികള്‍ വരാതിരിക്കാന്‍ കക്കയം വാലിക്ക് താഴെ 26 കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിങ്ങ് നിര്‍മിക്കാനുമാണ് ചര്‍ച്ചയില്‍ ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: