ആദിയോഗിയാണ് ശിവന്. സംഹാരരുദ്രനെങ്കിലും സ്നേഹസ്വരൂപന്. ദേവാദിദേവനായതിനാല് മഹാദേവനായി പ്രകീര്‍ത്തിക്കപ്പെടുന്നു. സര്‍വവും ഉള്‍ക്കൊള്ളുന്ന ശൂന്യതയാകുന്ന ശിവന്, അര്‍ദ്ധനാരീശ്വരനാണ്. നടരാജനും. ശിവന് രൂപരഹിതനാണെന്നും ഭൗതികരൂപമുണ്ടെന്നും പറയപ്പെടുന്നു. ശരീരരൂപത്തിലും ലിംഗരൂപത്തിലും ശിവനെ ആരാധിക്കുന്നു. ഭാരതത്തിലെങ്ങും നിരവധിയുണ്ട് ശിവക്ഷേത്രങ്ങള്‍. പലതും, വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാല്‍ പ്രസിദ്ധമായവ. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളാണ് ഭാരതത്തിലെ വിഖ്യാതമായ ശിവക്ഷേത്രങ്ങള്‍. സോമനാഥ്, നാഗേശ്വര്‍, ഭീംശങ്കര്‍, ത്രയംബകേശ്വര്‍, ഘൃഷ്ണേശ്വര്‍, വൈദ്യനാഥ്, മഹാകാലേശ്വര്‍, ഓംകാരേശ്വര്‍, കാശി വിശ്വനാഥ്, കേദാര്‍നാഥ്, രാമേശ്വരം, മല്ലികാര്‍ജുന എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. അനിതരസാധാരണമായ ശിവസാന്നിധ്യം ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിര്ലിംഗക്ഷേത്രങ്ങളോളം പ്രാധാന്യമുണ്ടെങ്കിലും ഏറെയൊന്നും അറിയപ്പെടാത്ത അഞ്ച് ശിവക്ഷേത്രങ്ങളെക്കുറിച്ച്:
ഭോജ്പൂര് ശിവക്ഷേത്രം, മധ്യപ്രദേശ്
ഭാരതത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് മധ്യപ്രദേശില ഭോജ്പൂര് ശിവക്ഷേത്രം. ഭോപ്പാല്‍ നഗര ശില്പിയെന്നറിയപ്പെടുന്ന പരമാര രാജവംശത്തിലെ രാജാ ഭോജ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠയാണ് വിസ്മയിപ്പിക്കുന്നത്. 21 അടി പൊക്കമുള്ള തറയ്ക്കു മീതെയാണ് ഏഴര അടിയുള്ള ശിവലിംഗമുള്ളത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇപ്പോഴും അപൂര്‍ണമാണ്. ഭാരതീയ വാസ്തുവിദ്യയെക്കാളേറെ ഗ്രീക്ക് വാസ്തുശൈലിയെ ഓര്‍മ്മപ്പെടുത്തുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി.
കോടിലിംഗേശ്വര ക്ഷേത്രം, കര്‍ണാടക
ദക്ഷിണ ഭാരതത്തിലെ സുപ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലുള്ള കമ്മസാന്ദ്ര ഗ്രാമത്തിലാണ് ക്ഷേത്രമുള്ളത്. ഒരു കോടിയോളം ശിവലിംഗങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നതും ഇതാണ്. ഈ അപൂര്‍വത ദര്‍ശിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തരെത്തുന്നു. ഏറ്റവും വലിയ ശിവലിംഗത്തിന് 33 മീറ്റര്‍ ഉയരമുണ്ട്, 11 മീറ്റര്‍ ഉയരത്തിലാണ് നന്ദികേശ വിഗ്രഹമുള്ളത്. സന്താനസൗഭാഗ്യത്തിനായി ഇവിടെ ദമ്പതികള്‍ ശിവലിംഗങ്ങള്‍ വഴിപാടായി നല്‍കാറുണ്ട്.
താരകേശ്വര ക്ഷേത്രം, പശ്ചിമ ബംഗാള്‍
ശക്തി ആരാധനയ്ക്ക് പ്രസിദ്ധമായ പശ്ചിമബംഗാളില്‍ ശിവനും ഏറെ പ്രാധാന്യമുണ്ട്. ബംഗാളിലെ പ്രമുഖ ശിവക്ഷേത്രമാണ് താരകേശ്വര്‍. ശിവന് ഇവിടെ താരകേശ്വരനാണ്. മനോഹരമായ ഈ ക്ഷേത്രത്തിന്റെ ഉല്പത്തിയ്ക്കു പിന്നിലെ കഥ ഇങ്ങനെ: ബംഗാളിലെ രാജാവായിരുന്ന രാജാ വിഷ്ണുദാസിന് കാട്ടില്‍ നിന്നൊരു ശിവലിംഗംകിട്ടി. അങ്ങനെയിരിക്കെ അദ്ദേഹത്തിന് ശിവഭഗവാന്റെ സ്വപ്നദര്‍ശനമുണ്ടായി. അതനുസരിച്ച് അദ്ദേഹം ഹൂഗ്ലിയില്‍ ഒരു ക്ഷേത്രം പണിത് ശിവലിംഗപ്രതിഷ്ഠ നടത്തി ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രപരിധിയിലുള്ള ചുടുനീരുറവകള്‍ക്ക് രോഗശമനത്തിനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.
കേദാരേശ്വര ക്ഷേത്രം, കര്‍ണാടക
ഭാരതത്തിന്റെ സമ്പന്നമായ ചരിത്രപൈതൃകങ്ങളുടെ ഭാഗമാണ് പ്രൗഢഗംഭീരമായ വാസ്തുവിദ്യാ വൈഭവവും. അതിലൊന്നാണ് കര്‍ണാടകയിലെ ഹലേബിഡിലുള്ള കേദാരേശ്വര ക്ഷേത്രം. ഹൊയ്സാല രാജാവായ വീര ബല്ലാല രണ്ടാമനും രാജ്ഞി കേതലദേവിയും ചേര്‍ന്നാണ് ഈ ശിവക്ഷേത്രം നിര്‍മ്മിച്ചത്. ത്രികൂട (മൂന്ന് പ്രതിഷ്ഠയുള്ള ഘടന) ശൈലിയിലാണ് ഇതിന്റെ നിര്‍മ്മിതി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ ക്ഷേത്രമുള്ളത്.
കാഞ്ചി കൈലാസനാഥര് ക്ഷേത്രം, തമിഴ്നാട്
ക്ഷേത്ര നഗരിയായ കാഞ്ചീപുരത്തെ പ്രമു ശിവക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്ത് വേദവതി നദീതീരത്തുള്ള കാഞ്ചി കൈലാസനാഥര് ക്ഷേത്രം. പല്ലവ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന രാജസിംഹപല്ലവനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. 58 ഉപക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം. ഇവയിലെല്ലാം ശിവന്റെ നടനവൈഭവം ചിത്രീകരിക്കുന്ന എണ്ണമറ്റ ശില്പങ്ങള് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: