തിരുവനന്തപുരം: വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷന് 1000 പദ്ധതിയിലേയ്ക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) എണ്ണം 149 ആയി. നാല് വര്‍ഷത്തിനകം 1000 എംഎസ്എംഇകളുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാനതല അംഗീകാര സമിതിയുടെ പ്രഥമ യോഗത്തില്‍ 88 എംഎസ്എംഇകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ലയുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരിയില്‍ നടന്ന രണ്‍ണ്ടാം യോഗത്തില്‍ 61 എംഎസ്എംഇകളെ കൂടി ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു.
103 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ കണ്‍വീനറും കിന്‍ഫ്ര എംഡി സന്തോഷ് കോശി, ബാങ്കേഴ്സ് കമ്മിറ്റി സംസ്ഥാനതല കണ്‍വീനര്‍ എസ്. പ്രേംകുമാര്‍ എന്നിവര്‍ സമിതി അംഗങ്ങളുമാണ്.
2023 നവംബര്‍ 1 മുതല്‍ 2024 ഫെബ്രുവരി 23 വരെ മിഷന് 1000 ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ (https://mission1000.industry.kerala.gov.in/) ലഭിച്ച അപേക്ഷകളില്‍ വ്യവസായ വകുപ്പ് ഡയറക്ടറേറ്റ് വിശദ പരിശോധനകള്‍ നടത്തി. 75 അപേക്ഷകള്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അപേക്ഷകര്‍ക്ക് തിരിച്ച് നല്കി. ബാക്കിയുള്ള 103 അപേക്ഷകള്‍ സംസ്ഥാനതല അംഗീകാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അതില്‍ 60 മാര്‍ക്കിന് മുകളില്‍ ലഭിച്ച 61 അപേക്ഷകള്‍ മിഷന് 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇതില്‍ 20 സംരംഭങ്ങള്‍ സൂക്ഷ്മ വിഭാഗത്തില്‍ നിന്നും 30 എണ്ണം ചെറുകിട വിഭാഗത്തിലും 11 എണ്ണം ഇടത്തരം വിഭാഗത്തില്‍ നിന്നുമാണ്. തെരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ഏതെങ്കിലും കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ സ്കെയില്‍ അപ്പ് ഡി പി ആര് തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.
മിഷന് 1000 ന്റെ ഭാഗമായി വിപുലീകരിക്കുന്ന എംഎസ്എംഇകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയും 2023 മാര്‍ച്ച് 31 നകം കുറഞ്ഞത് 3 വര്‍ഷമെങ്കിലും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവയും ആയിരിക്കണം. മാത്രമല്ല ഉത്പാദന സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവയും ആയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മൂലധന നിക്ഷേപ സബ്സിഡി 40 ശതമാനം വരെ (പരമാവധി 2 കോടി രൂപ) നല്‍കും. പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പലിശ നിരക്കിന്റെ 50 ശതമാനം വരെ പലിശ ഇളവ് (50 ലക്ഷം രൂപ വരെ) ഉണ്‍ണ്ടായിരിക്കും. യൂണിറ്റ് വിപുലീകരിക്കുന്നതിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഒരു സംരംഭത്തിന് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. യൂണിറ്റുകളെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെയും നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: