തിരുവനന്തപുരം: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറാന ദേവാലയത്തിലെ വൈദികന് ഫാ.ജോസഫ് ആറ്റുചാലിലിനെതിരെ നടന്ന ആക്രമണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ഈ സംഭവത്തില്‍ അറസ്റ്റിലായവര്‍ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ആ വൈദികന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വൈദികന് രക്ഷപ്പെട്ടു. ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്പോള്‍ എല്ലാവരും ഉണ്ടാകുമെന്ന് അല്ലേ നമ്മള് കരുതുക. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാര്‍ മാത്രമായിരുന്നു. ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂഞ്ഞാര്‍ സംഭവത്തില്‍ മുസ്ലിം വിഭാഗത്തെ മാത്രം പ്രതി ചേര്‍ത്തെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.മുസ്ലിം പണ്ഡിതനും ഓള് ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോര്‍ഡിനേറ്ററുമായ ഹുസൈന് മടവൂരാണ് മുഖാമുഖത്തില്‍ വിഷയം ഉന്നയിച്ചത്.
പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകും. ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫെബ്രുവരി 23ന് വൈകിട്ടായിരുന്നു സംഭവം. ദേവാലയത്തില്‍ ആരാധന സമയത്ത് ഒരു സംഘം യുവാക്കള്‍ പള്ളി പരിസരത്തേക്ക് വാഹനം കയറ്റി റേസ് ചെയ്യിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത എത്തിയ അസി. വികാരി ഫാ.ജോസഫിനെതിരെ പ്രതികള്‍ വാഹനം ഇടിപ്പിച്ചുകയറ്റാന് ശ്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരും പ്രതികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: