പെരുങ്കടവിള: ഭ്രാന്താലയമായ കേരളത്തെ സാംസ്കാരിക കേരളമാക്കിയത് മഹാകവി കുമാരനാശാനാണെന്ന് ഭാഷാ പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്. തമ്പാന്. അരുവിപ്പുറം ക്ഷേത്രത്തിലെ 136-ാമത് പ്രതിഷ്ഠാ വാര്‍ഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി നടന്ന കുമാരനാശാന് ദേഹവിയോഗ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാകവി കുമാരനാശാന് അക്ഷരങ്ങള്‍ കൊണ്ടുള്ള പോരാട്ടമാണ് നടത്തിയത്. അന്നത്തെ കവികള്‍ രാജാക്കന്മാര്ക്കും നാടുവാഴികള്‍ക്കും വേണ്ടി സ്തുതിഗീതങ്ങള്‍ പാടി. ആ കാലഘട്ടത്തിലാണ് മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് ഉറക്കെ പാടുവാന്‍ കുമാരനാശാന് തയ്യാറായത്. അദ്ദേഹത്തെ കവി എന്ന് വിളിക്കുവാന്‍ പോലും അന്നത്തെ എഴുത്തുകാരും സമൂഹവും തയ്യാറായില്ല. സമൂഹത്തിലെ തെറ്റായ നടപടികളെ കവിതയിലൂടെ തയ്യാറാക്കി വിപ്ലവ ആശയങ്ങള്‍ തീര്‍ത്ത മഹാകവിയായിരുന്നു.
കുമാരു എന്ന മുത്തിനെ തേച്ചു മിനുക്കി മഹാകവിയാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണ്. അതിന് പഴയ അരുവിപ്പുറത്തിന് മുഖ്യ പങ്കുണ്ട്. ശ്രീനാരയണ ഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും കവിതയിലൂടെ കുമാരനാശാനും കൈവരിച്ച നവോത്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി ഇന്ന് തിരസ്കരിക്കപ്പെടുന്നുവെ അദ്ദേഹം പറഞ്ഞു. ഗുരുധര്‍മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനനഗിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ശ്രീനാരായണ സ്റ്റഡീസ് കേരള യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. എം.എ സിദ്ധിഖ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അജയന് പനയറ, കവി ഡോ. ബിജു ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അജി അരുവിപ്പുറം നന്ദിയും പറഞ്ഞു. അരുവിപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുമാരനാശാന് ദേഹവിയോഗ ശതാബ്ദി സമ്മേളനം ഡോ. എം.ആര്. തമ്പാന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: