തിരുവനന്തപുരം: ജില്ലയില്‍ 73,330 പുതിയ വോട്ടര്‍മാര്‍, 28,598 യുവ വോട്ടര്‍മാര്‍. 2023 ജൂലൈ 21 മുതലുള്ള കണക്ക് പ്രകാരമാണ് ജില്ലയില്‍ പുതിയതായി 73,330 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കളക്ടര്‍ ഇക്കാര്യമറിയിച്ചു. വോട്ടര്‍പട്ടിക ശുദ്ധീകരണം, പോളിങ് സ്‌റ്റേഷന്‍ റാഷണലൈസേഷന്‍, പോളിങ് ഏജന്റുമാരുടെ നിയമനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വോട്ടര്‍പട്ടികയുടെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 65,342 പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവര്‍, ഇരട്ടിപ്പ്, താമസം മാറിപ്പോയവര്‍, ആബ്‌സന്റീസ് എന്നിവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ജില്ലയില്‍ ആകെ 27,82,800 വോട്ടര്‍മാരാണുള്ളത്. അതില്‍ 13,20,017 സ്ത്രീ വോട്ടര്‍മാരും 14,62,691 പുരുഷ വോട്ടര്‍മാരും 92 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 28,598 പേര്‍ യുവ വോട്ടര്‍മാരും 25,416 പേര്‍ ഭിന്നശേഷി വോട്ടര്‍മാരുമാണ്.
80 വയസിന് മുകളില്‍ 78,032 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 2,730 ബൂത്തുകളാണുള്ളത്. പോള്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും കൗണ്ടിങിനും നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ജില്ലാ കളക്ടറാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജിയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വരണാധികാരി. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലെ പരാതികളുള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും തുറന്നിട്ടുണ്ട്.
ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ചിട്ടില്ലാത്ത രാഷ്‌ട്രീയപാര്‍ട്ടികള്‍ നിയമന നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രചാരണ പരിപാടികളിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: