കണ്ണൂര്‍: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി മജിസ്ട്രേറ്റിനെ വീട്ടില്‍ പോയി കണ്ട മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന് വിഷം കഴിച്ചു ചാവുന്നതാണ് നല്ലതെന്ന് സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം ഒന്നാകെ ശ്രമിക്കുകയാണ്. ശശീന്ദ്രന് ജഡ്ജിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറിഞ്ഞിട്ടാണ്. നിരുത്തരവാദിത്വം കാണിച്ച കോളജ് ഡീനിന്റെ വീട്ടിലേക്ക് സിഎംപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സി.പി. ജോണ്‍ പറഞ്ഞു.
ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. സിഎംപിയുടെ വിദ്യാര്‍ത്ഥി ജനവിഭാഗം ഇന്ന് പൂക്കോട് വെറ്ററിനറി കോളജില്‍ സമരമാരംഭിക്കും. താന്‍ നേരിട്ടു തന്നെ ഡീനിന്റെ വീട്ടില്‍ പോയി സെക്യുരിറ്റി പരാമര്‍ശത്തെ കുറിച്ചു സംസാരിക്കുമെന്നും അയാള്‍ക്ക് സെക്യുരിറ്റി നല്കാന് പിണറായി വിജയന്റെ പോലീസിനു കഴിയുമോയെന്ന് നോക്കാമെന്നും സി.പി. ജോണ്‍ പറഞ്ഞു.
കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥിയെ രണ്ടു ദിവസം പട്ടിണിക്കിട്ട് തല്ലിക്കൊല്ലുമ്പോള്‍ ക്ലിഫ് ഹൗസിലെ മരപ്പട്ടിശല്യത്തെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും സി.പി. ജോണ്‍ പറഞ്ഞു. ഒരു കാലത്ത് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പോരാടി നേടിയ എസ്എഫ്ഐയ്ക്ക് മൂല്യച്യുതി വന്നിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയ കേരളത്തിലെ കാമ്പസുകളില്‍ പിടി മുറുക്കിയിരിക്കുകയാണെന്നും സി.പി. ജോണ്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: