ജറുസലേം: ലെബനനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ പതിച്ച് മലയാളിയായ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ഇസ്രായേലിലെ ഇന്ത്യൻ എംബസി പൗരൻമാരോട് രാജ്യത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത് ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും പ്രത്യേകിച്ച് വടക്കും തെക്കും അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ ഇസ്രായേലിനുള്ളിലെ സുരക്ഷിത മേഖലകളിലേക്ക് മാറാൻ നിർദ്ദേശിക്കുന്നതായി എംബസി പറഞ്ഞു. ഈ നിർദ്ദേശം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ, ഇസ്രായേലിന്റെ വടക്ക് ഗലീലി മേഖലയിലെ മോഷവ് മർഗലിയോട്ടിലെ തോട്ടത്തിലാണ് ടാങ്ക് വേധ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ കേരളത്തിലെ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ (31) ആണ് കൊല്ലപ്പെട്ടത്. വാഴത്തോപ്പ് സ്വദേശി ബുഷ് ജോസഫ് ജോർജ് (31) വാഗമൺ സ്വദേശി പോൾ മെൽവിൻ (28) എന്നിവർക്ക് പരിക്കേറ്റു. അവരെ ചികിത്സയ്‌ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് ഒക്ടോബർ 8 മുതൽ വടക്കൻ ഇസ്രായേലിൽ ദിവസവും റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. വിക്ഷേപണ സ്ഥലത്ത് പീരങ്കികൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയാണ് തങ്ങൾ പ്രതികരിച്ചതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു.
ഒക്‌ടോബർ 8 മുതൽ ഇസ്രയേലിന്റെ വടക്കൻ മേഖലകളിലും സൈനിക പോസ്റ്റുകൾക്കും നേരെ ഹിസ്ബുള്ള ആക്രമണം അഴിച്ചുവിടുകയാണ്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴ് സിവിലിയന്മാരും ഇസ്രായേൽ ഭാഗത്ത് പത്ത് ഐഡിഎഫ് സൈനികരും ഇതുവരെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: