കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ മാനസിക സംഘര്‍ഷത്തില്‍.
സഹപാഠി മൃഗീയമായ അക്രമത്തിന് വിധേയമാകുന്നത് നോക്കിനില്‍ക്കേണ്ട നിസ്സഹായാവസ്ഥയിലായ വിദ്യാര്‍ത്ഥികളും സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം എസ്എഫ്‌ഐയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വിധേയരാകേണ്ടി വന്ന വിദ്യാര്‍ത്ഥികളുമാണ് മാനസിക സംഘര്‍ഷത്തിലായിരിക്കുന്നത്. മെന്‍സ് ഹോസ്റ്റലില്‍ നടന്ന സംഭവങ്ങളൊന്നും പുറത്തറിയരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ നല്കിയ കര്‍ശന നിര്‍ദേശമെന്ന് ഇക്കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ പൂട്ടിയതിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞു. കൂട്ടുകാരന്‍ അക്രമിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്ന വിദ്യാര്‍ത്ഥികളെ കുറ്റക്കാരെന്ന നിലയിലാണ് ചിലര്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ അക്രമം തടയാനോ അതില്‍ പ്രതിഷേധിക്കാനോ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. എസ്എഫ്‌ഐയുടെ സര്‍വാധിപത്യമാണ് ഹോസ്റ്റലിലും കാമ്പസിലും, പെണ്‍കുട്ടി പറഞ്ഞു.
കാമ്പസിലെ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടിട്ടും അതിനെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും കാമ്പസിനുള്ളില്‍ നടന്നില്ല. എന്നാല്‍ കാമ്പസിനെ അപകീര്‍ത്തിപ്പെടുത്തുവെന്നാരോപിച്ച് 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനം ഇക്കഴിഞ്ഞ ദിവസം കാമ്പസില്‍ നടന്നു. എസ്എഫ്‌ഐ പ്രതിക്കൂട്ടിലായതിന് ശേഷം ജില്ലാ നേതാക്കള്‍ കാമ്പസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ് പിന്നീട് അവിടെ നടന്നത്. അതിനുശേഷമാണ് പ്രതികളടക്കം പോലീസില്‍ കീഴടങ്ങിയത്. കാമ്പസിനെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് അവിടെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്താന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞത് കനത്ത സമ്മര്‍ദ്ദം മൂലമാണ്, പെണ്‍കുട്ടി പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ ബാച്ചിലെ അഞ്ചു പേരാണ് കേസില്‍ പ്രതികളായുള്ളത്. സംസാരിച്ച് പരിഹരിക്കാന്‍ പറ്റുമായിരുന്ന നിസ്സാര പ്രശ്‌നമാണ് സിദ്ധാര്‍ത്ഥന്റെ മരണത്തിലെത്തിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എസ്എഫ്‌ഐ നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നേരത്തേയും ഇത്തരം പ്രശ്‌നപരിഹാരങ്ങള്‍ നടന്നിട്ടുണ്ട്. അതിക്രൂരമായി ഒരുവിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. എന്നാല്‍ ആ വിദ്യാര്‍ത്ഥി പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്തായതിനാല്‍ ആരോടും പരാതി പറയാതെ നിശ്ശബ്ദനാവുകയായിരുന്നു. ഹോസ്റ്റലിനുള്ളിലെ സിസിടിവി മുഴുവന്‍ തകര്‍ത്ത നിലയിലാണ്. അത് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല. ഹോസ്റ്റലിന് മുന്നില്‍ സെക്യൂരിറ്റി ക്യാബിന്‍ ഉണ്ടാക്കിയെങ്കിലും അത് തകര്‍ക്കുകയായിരുന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ എല്ലാ തെളിവുകളും ലഭിക്കും. എന്നാല്‍ അത്തരം ഒരു നടപടി ഇതുവരെ അന്വേഷണ സംഘം എടുത്തിട്ടില്ല. ക്യാമ്പസിലെ മുഴുവന്‍ കുട്ടികളെയും പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് അധികൃതരും ശ്രമിക്കുന്നത്. ഇത് എസ്എഫ്‌ഐയുടെ നീക്കത്തെ സഹായിക്കാനാണ്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: