തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ നവംബര്‍ 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിലെ സംരംഭക പദ്ധതികള്‍, മൂലധന സമാഹരണം, ബിസിനസ്, അന്താരാഷ്ട്ര സഹകരണം തുടങ്ങിയവയുടെ അനന്തസാധ്യതകള്‍ തുറക്കും.
നിലവിലുള്ള പലതിനേയും കീഴ്മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങള്‍ തേടിയെത്തുന്ന ആഗോളതല നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. നവംബര്‍ 28,29,30 തീയതികളില്‍ തിരുവനന്തപുരം കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 20000 ത്തിലധികം പേര് പങ്കെടുക്കും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ അടിമലത്തുറ വേദിയായിരുന്നു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ബിസിനസ്, നിക്ഷേപം എന്നിവ നേടാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അത് നേടുന്നതിനുള്ള വഴി തുറക്കാനും ഹഡില്‍ ഗ്ലോബല്‍ 2024 ലക്ഷ്യമിടുന്നുണ്ട്.
ഹഡില്‍ ഗ്ലോബലിന്റെ മുന്‍ പതിപ്പുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ 2024 ലൂടെ സംസ്ഥാനത്തിലെ ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് കരുത്തു പകരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പു വരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എമര്‍ജിംഗ് ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സുസ്ഥിര ആശയങ്ങള്‍ കൈമുതലായുള്ളവര്ക്കും ഹഡില്‍ ഗ്ലോബലില്‍ അവസരം ലഭിക്കും. എല്ലാ ഘട്ടങ്ങളിലുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാം.
ലോകമെമ്പാടുമുള്ള ഇരുന്നൂറ്റന്പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 8000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 400ല്‍ അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡില്‍ ഗ്ലോബലിന്റെ ലക്ഷ്യങ്ങളാണ്.
500 ലധികം എച്ച് എന്‍ ഐ കള്‍, 200 ലധികം കോര്‍പറേറ്റുകള്‍, 200 ലധികം പ്രഭാഷകര്‍ എന്നിവരും ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷത്തെ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടന്ന സൂപ്പര്‍ കോഡേഴ്സ് ചലഞ്ചിനു പുറമെ മാര്‍ക്കറ്റിംഗ് മാഡ്നെസ്, സൂപ്പര്‍ കോഡേഴ്സ്, ഫൗണ്ടേഴ്സ് മീറ്റ്, പാര്‍ട്ട്ണര്‍ ഇന്‍ ഗ്രോത്ത്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, ബ്രാന്‍ഡിംഗ് ചലഞ്ച്, ഹഡില്‍ സ്പീഡ് ഡേറ്റിംഗ്, ബില്‍ഡ് ഇറ്റ് ബിഗ്, ടൈഗര്‍സ് ക്ലോ, സണ്‍ ഡൗണ്‍ ഹഡില്‍ എന്നിങ്ങനെയുള്ള സെഷനുകളും ഇക്കൊല്ലത്ത സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
ചെറുകിട-ഇടത്തരം- സൂഷ്മ മേഖലകളിലെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് ചെയ്യുന്നതിനൊപ്പം പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യാനും ഹഡില്‍ ഗ്ലോബലിലൂടെ അവസരം ലഭിക്കും. ചെലവ് കുറയ്ക്കാനാകുന്നതിനൊപ്പം ബിസിനസ് വര്‍ധിപ്പിക്കാനും പതിന്മടങ്ങ് വികസിക്കുവാനും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനിലൂടെ സംരംഭകര്‍ക്ക് സാധിക്കും. ടെക്നോളജി സാധ്യതകളുടെ വാതായനം തുറക്കാന്‍ ചെറുകിട സംരംഭകര്‍ക്ക് ഇതിലൂടെ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വേണ്ടുന്ന പുതിയ നയം, ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായുണ്ടാകും.
മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ മുഖ്യ പ്രഭാഷണങ്ങള്‍, 250 ലധികം നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോണ്‍, ദേശീയ അന്തര്‍ദേശീയ സ്റ്റാര്‍ട്ടപ്പ് ഉല്പന്ന പ്രദര്‍ശനങ്ങള്‍, ഡീപ്ടെക് ലീഡര്‍ഷിപ്പ് ഫോറം പ്രഖ്യാപനം, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസിലാക്കാന്‍ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായുമുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവയും ഹഡില്‍ ഗ്ലോബലിലുണ്ടാകും.
ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സ്റ്റാര്‍ട്ടപ്പ് എക്സ്പോയും സംഘടിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 250 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ എക്സ്പോയാണ് സംഘടിപ്പിക്കുന്നത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും.
എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന് ലേണിംഗ് ,റോബോട്ടിക്സ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമാകും.
നെറ്റ്വര്ക്കിംഗ്, മെന്റര്‍ സ്പീഡ് ഡേറ്റിംഗ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബല്‍ 2024 ന്റെ സവിശേഷതയാണ്.
വിവരങ്ങള്‍ക്ക്: https://huddleglobal.co.in/ സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: