രാജേഷ് വടക്കുംകര
ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം -കന്യാകുമാരി ജില്ലകളില്‍ ഇന്നും
നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. കുംഭത്തിലെ മഹാശിവരാത്രിനാളില്‍ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് നഗ്നപാദരായി ശിവഭക്തര്‍ നടത്തുന്ന ദര്‍ശനമാണിത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12 ക്ഷേത്രങ്ങളാണ് ശിവാലയ ഓട്ടത്തിന് പ്രസിദ്ധമായവ. ഇതില്‍ പങ്കെടുക്കുന്നവരെ ‘ചാലയം ഓട്ടക്കാര്‍’ എന്നു വിളിക്കുന്നു. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത.
ശിവാലയഓട്ടത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. ധര്മ്മപുത്രന് നടത്തിയ യാഗത്തില്‍ പങ്കെടുക്കാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം തിരുമലയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരാന്‍ ഭീമസേനന് പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദന് തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു.
ശ്രീകൃഷ്ണന് നല്കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന് വീണ്ടും വ്യാഘ്രപാദനു സമീപമെത്തി. മുനി കോപത്തോടെ ഭീമനുനേരെ തിരിഞ്ഞു. ഭീമന് പിന്തിരിഞ്ഞ് ‘ഗോവിന്ദാ’ ‘ഗോപാലാ’ എന്നു വിളിച്ച് ഓടന്‍ തുടങ്ങി. മുനി, ഭീമന്റെ സമീപമെത്തുമ്പോള്‍ ഭീമന് അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അവിടെയൊരു ശിവലിംഗം ഉയര്‍ന്നുവരും. മുനി അവിടെ പൂജ നടത്തുമ്പോള്‍ ഭീമന് മുനിയെ വീണ്ടും യാഗത്തിനുപോകാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പിറകേ പോകും. ഭീമന് വീണ്ടും വീണ്ടും രുദ്രാക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. ഒടുവില്‍ 12ാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന് പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കുകയും ചെയ്തു. അങ്ങനെ ഇരുവര്‍ക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. വ്യാഘ്രപാദന് പിന്നീട് ധര്‍മ്മപുത്രന്റെ യാഗത്തില്‍ പങ്കുകൊണ്ടു. ഭീമന് രുദ്രാക്ഷം നിക്ഷേപിച്ചിടത്ത് സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയുടെ അനുബന്ധമായി ശിവാലയ ഓട്ടം നടക്കുന്നത്.
ത്രയോദശി നാളിലാണ് ഓട്ടം ആരംഭിക്കുന്നത്. ഉച്ച കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടം തുടങ്ങും. വെള്ളമുണ്ട് അല്ലെങ്കില്‍ കാവിമുണ്ടാണ് വേഷം. ഓട്ടക്കാര്‍ കൈകളില്‍ വിശറി കരുതും. ദര്‍ശനം നടത്തുന്ന ഓരോ ക്ഷേത്രത്തിലും വിഗ്രഹങ്ങളെ വീശാനാണ് വിശറി. അതിന്റെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. അവയില്‍ ഒന്നില്‍ പ്രസാദ ഭസ്മമായിരിക്കും. മറ്റേതില്‍ യാത്രയ്ക്കാവശ്യമായ പണം കരുതും. ഇങ്ങനെ സംഘമായി ഗോവിന്ദാ ഗോപാല എന്ന നാമം ഉദ്ധരിച്ച് പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലത്തെത്തിയാല്‍ ഓട്ടത്തിന് പരിസമാപ്തിയായി. ശിവാലയ ഓട്ടക്കാര്‍ ദര്‍ശനം നടത്തുന്ന 12 ക്ഷേത്രങ്ങള്‍ ഇവയാണ്:
1. തിരുമല ക്ഷേത്രം
ത്രിശൂലപാണി ഭാവത്തില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രമാണ് ശിവാലയ ഓട്ടത്തില്‍ ഒന്നാമത്തേത്. തിരുവനന്തപുരം
കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ്
ക്ഷേത്രമുള്ളത്.
2. തിക്കുറിച്ചി ശിവക്ഷേത്രം
താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രമുള്ളത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ തിക്കുറിച്ചി ക്ഷേത്രത്തിലെത്താം.
3. തൃപ്പരപ്പ് ശിവക്ഷേത്രം
കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരമുണ്ട് തൃപ്പരപ്പിലേക്ക്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രത്തില്‍ ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ശിവ പ്രതിഷ്ഠ.
4. തിരുനന്തിക്കര ശിവക്ഷേത്രം
നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്രശില്പകലാ രീതിയില്‍ പണിത ഈ ദേവസ്ഥാനത്തില്‍ നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തിരുനന്തിക്കരയിലെത്താം.
5. പൊന്മന ശിവക്ഷേത്രം
പൊന്മനയിലെ ശിവന് തീമ്പിലാധിപനാണ്. തീമ്പന് എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡിലൂടെ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.
6. പന്നിപ്പാകം ശിവക്ഷേത്രം
അര്ജുനന് ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയാണ് ക്ഷേത്രോല്പത്തിക്ക് നിദാനം. ഇവിടെ നിന്ന് ഏറെ ദൂരെയല്ലാതെ കാട്ടാളന് കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
7. കല്‍ക്കുളം ശിവക്ഷേത്രം
കല്‍ക്കുളം ക്ഷേത്രത്തില്‍ പാര്‍വതീ സമേതനാണ് ശിവന്. ശിവാലയ ഓട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം. ഇവിടെ രഥോത്സവവും നടക്കാറുണ്ട്. ആനന്ദവല്ലി അമ്മന്‍ എന്നാണ് പാര്‍വതീദേവി അറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും കല്‍ക്കുളത്തേക്ക് ആറു കിലോ മീറ്ററാണ് ദൂരം.
8. മേലാങ്കോട് ശിവക്ഷേത്രം
കാലകാല രൂപത്തില്‍ ശിവപ്രതിഷ്ഠയുള്ള മേലാങ്കോട്, എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. പത്മനാഭപുരത്തു നിന്നും രണ്ട് കിലോമീറ്റര്‍ താണ്ടിയാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.
9. തിരുവിടൈക്കോട് ശിവക്ഷേത്രം
ചടയപ്പന് അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. ഇവിടെയുള്ള നന്ദി വിഗ്രഹത്തിനു ജീവന് വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. മേലാങ്കോട്ടു നിന്നും അഞ്ചു കിലോമീറ്ററാണ് തിരുവിടൈക്കോട് ക്ഷേത്രത്തിലേക്കുള്ള ദൂരം.
10. തിരുവിതാംകോട് ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണിത്. മൂന്നു ഏക്കറോളം വരും ക്ഷേത്രമിരിക്കുന്ന സ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.
11. തൃപ്പന്നിക്കോട് ശിവക്ഷേത്രം
ദശാവതാരങ്ങളില്‍ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
12. തിരുനട്ടാലം ശിവക്ഷേത്രം
ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശിവപ്രതിഷ്ഠയ്ക്കു പുറമേ ഇവിടെ ശങ്കരനാരായണ പ്രതിഷ്ഠയുമുണ്ട്. രണ്ടു വ്യത്യസ്ത കോവിലുകളിലാണ് പ്രതിഷ്ഠകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: