കോട്ടയം: പാലാ പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ കട്ടിലിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊലപ്പെടുത്തിയ ശേഷം ജയ്സൺ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
ഒരു റബർ ഫാക്ടറിയിൽ ഡ്രൈവറാണ് ജയ്സൺ തോമസ് എന്നാണ് സൂചന. ഇവർ പൂവരണിയിൽ താമസമാക്കിയിട്ട് ഒരു വർഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയൽക്കാർക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പോലീസ് നടപടികൾ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: