ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി, 543 ലോക്സഭാ മണ്ഡലങ്ങളിലായി 97 കോടി പേരാണ് ഇത്തവണ സമ്മതിദായകരായുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒറീസ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള 195 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടുകൊണ്ട് ബിജെപിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍. മൂന്നാംവട്ടവും അധികാരത്തിലെത്തുമ്പോള്‍ ആദ്യനൂറു ദിനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളും കാര്യക്രമങ്ങളും തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭാ യോഗവും തുടര്‍ഭരണം ഉറപ്പാണെന്ന വ്യക്തമായ സന്ദേശം രാജ്യത്തിന് നല്‍കിക്കഴിഞ്ഞു. മറുവശത്ത് പ്രതിപക്ഷ സഖ്യം വിവിധ സംസ്ഥാനങ്ങളിലായി അടിച്ചുപിരിഞ്ഞും തമ്മില്‍ തല്ലിയും പരസ്പരം മത്സരിക്കാനുറച്ചും മുന്നോട്ട് പോവുകയാണ്.
പോയി ജയിച്ചുവരൂ, നമുക്ക് വീണ്ടും ഇവിടെ കാണാം; ഞായറാഴ്ച ദല്‍ഹിയില്‍ നടന്ന കേന്ദ്രമന്ത്രിസഭാംഗങ്ങളുടെ യോഗത്തില്‍ സമാപന സന്ദേശമായി പ്രധാനമന്ത്രി മോദി പറഞ്ഞതിപ്രകാരമാണ്. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളാല്‍ നിറഞ്ഞ പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രിസഭാംഗങ്ങളില്‍ ആവേശം നിറച്ചു. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ ആരെയൊക്കെ നാം കാണുന്നു എന്നും എന്തു സന്ദേശമാണ് ആ കൂടിക്കാഴ്ചകള്‍ പുറത്തേക്ക് നല്‍കുന്നതെന്നും ഓരോരുത്തരും ആലോചിച്ചുറപ്പിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കണം. അനവസരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കണം. എല്ലാ വിഷയത്തിലും വിദഗ്ധരാണെന്ന ഭാവം വേണ്ട. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായവും പറയേണ്ടതില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റിയും കേന്ദ്രപദ്ധതികളെപ്പറ്റിയും ജനങ്ങളോട് കൂടുതലായി സംസാരിക്കുക, പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളോട് വിശദീകരിച്ചു.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലെ വിജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം പ്രധാന ലക്ഷ്യം. 80 സീറ്റുകളുള്ള യുപിയാണ് ഇതില്‍ പ്രധാനം. 2019ല്‍ യുപിയില്‍ ബിജെപി സഖ്യം 64 സീറ്റുകളാണ് നേടിയത്. 2014നേക്കാള്‍ 9 സീറ്റുകളുടെ കുറവാണ് കഴിഞ്ഞ തവണ ഉണ്ടായത്. എന്നാല്‍ ഇത്തവണ 75 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 48 സീറ്റുമായി മഹാരാഷ്ട്രയും 42 സീറ്റുള്ള പശ്ചിമബംഗാളും 40 സീറ്റുള്ള ബീഹാറും 39 സീറ്റുള്ള തമിഴ്നാടും പ്രധാന സംസ്ഥാനങ്ങളാണ്. അഞ്ചു സംസ്ഥാനങ്ങളിലായി 249 സീറ്റുകള്‍. അതായത് ലോക്സഭയുടെ 46 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളെ കേന്ദ്രീകരിക്കുന്നു. ഇതില്‍ യുപിയും മഹാരാഷ്ട്രയും ബീഹാറും ബിജെപി-എന്‍ഡിഎ സഖ്യത്തിന്റെ ശക്തമായ കേന്ദ്രങ്ങളാണ്. മൂന്നിടത്തേയും ബഹുഭൂരിപക്ഷം സീറ്റുകളും ബിജെപിക്കൊപ്പമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ ശിവസേന സഖ്യത്തിനൊപ്പം മത്സരിച്ച് നേടിയ 23 സീറ്റ് എന്നത് ഇത്തവണ 30ലേക്ക് ഉയര്‍ത്താന്‍ ബിജെപി ലക്ഷ്യമിടുന്നു. 32 സീറ്റുകളില്‍ ബിജെപിയും 12 സീറ്റില്‍ ശിവസേന ഷിന്‍ഡെ വിഭാഗവും നാലു സീറ്റ് അജിത് പവാര്‍ എന്‍സിപിയും മത്സരിച്ചേക്കും. പശ്ചിമബംഗാളും തമിഴ്നാടുമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിനൊപ്പമല്ല. 2019ല്‍ ബംഗാളില്‍ നേടിയ 18 സീറ്റെന്ന മാജിക് ഇത്തവണയും ബിജെപി പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിലാവട്ടെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നുവരികയുമാണ്. രാജസ്ഥാന്(25), മധ്യപ്രദേശ്(29), ഗുജറാത്ത്(26), ഛത്തീസ്ഗട്ട്(11), അസം(14), കര്‍ണ്ണാടക(28), ഒറീസ(21), ഝാര്‍ഖണ്ഡ്(14), ഹരിയാന(10) എന്നീ സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തിദുര്‍ഗ്ഗങ്ങളാണ്. ഇതിനൊപ്പം സമ്പൂര്‍ണ്ണ വിജയം ഉറപ്പായ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയും എന്‍ഡിഎയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 435 സീറ്റുകളിലും കോണ്‍ഗ്രസ് 420 സീറ്റുകളിലുമാണ് മത്സരിച്ചത്. ബിജെപിക്ക് 132 സീറ്റുകള്‍ മാത്രമാണ് നഷ്ടമായത്. 303 സീറ്റുകളിലെ വിജയത്തോടെയാണ് മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് വെറും 52 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇരുപാര്‍ട്ടികളും 373 സീറ്റുകളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ കോണ്‍ഗ്രസ് വിജയം വിരലിലൊതുങ്ങി. ഇത്തവണ തെലങ്കാനയാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഹിമാചല്‍, യുപി ദയനീയ പരാജയങ്ങള്‍ ഇന്‍ഡി സഖ്യത്തെ കൂടുതല്‍ ഛിന്നഭിന്നമാക്കിയെങ്കിലും ബീഹാറിലും തമിഴ്നാട്ടിലും പ്രതിപക്ഷ സഖ്യം സീറ്റുധാരണയിലെത്തിക്കഴിഞ്ഞു. 2019ല്‍ ബീഹാറിലെ 40ല്‍ 39 സീറ്റിലും വിജയിച്ചത് ബിജെപി സഖ്യമായിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കിഷന്‍ഗഞ്ച് മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ആര്‍ജെഡിക്ക് ഒറ്റ സീറ്റിലും ബീഹാറില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
ഇരുപത് സീറ്റുകളുള്ള കേരളത്തില്‍ ഇന്‍ഡി സഖ്യ കക്ഷികള്‍ പരസ്പരം പോരടിക്കുകയാണ്. ബിജെപിയുടെ സാധ്യതകള്‍ ശക്തമാക്കാന്‍ ഈ സാഹചര്യം സഹായിക്കും. കര്‍ണ്ണാടകയില്‍ ജെഡിഎസ് ബിജെപി സഖ്യത്തിലേക്ക് എത്തിയതോടെ 28ല്‍ 25ലധികം സീറ്റുകളുടെ വിജയം ഉറപ്പാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പരമാവധി സീറ്റുകള്‍ നേടുമെന്ന് ബിജെപി നേതൃത്വം പറയുന്നു. ദക്ഷിണഭാരതത്തില്‍ നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 100ലധികം സീറ്റുകളാണ് ബിജെപി ഇത്തവണ ലക്ഷ്യം വെയ്ക്കുന്നത്. 2019ല്‍ 76 സീറ്റുകളാണ് ഈ മേഖലകളില്‍നിന്ന് ബിജെപി കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയ ബിജെപി സിറ്റിംഗ് എംപിമാരായ 33 പേരെ ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് ഏറെ ശ്രദ്ധേയമായി. മുന്‍ വിദേശകാര്യമന്ത്രിയും രാജ്യത്തിന്റെ പ്രീയപ്പെട്ട നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ മകളും ദല്‍ഹിയിലെ ബിജെപി നേതാവുമായ ഭാംസുരി സ്വരാജിനെ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനുള്ള പ്രഖ്യാപനമടക്കം ചര്‍ച്ചയായി. വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പട്ടികയില്‍ മുപ്പതോളം കേന്ദ്രമന്ത്രിമാരും ഇടംപിടിച്ചു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ അടക്കം മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പ്രഖ്യാപിക്കും. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഇന്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളെല്ലാം പ്രതിസന്ധിയിലാണ്. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഒരുമിച്ച പാര്‍ട്ടികള്‍ പരസ്പ്പരം മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാണ്. അഴിമതിപ്പാര്‍ട്ടികള്‍ ഏതുവിധേനയും അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങളായി രാജ്യത്തെ വോട്ടര്‍മാര്‍ പ്രതിപക്ഷത്തിന്റെ ഈ കാപട്യത്തെ വിലയിരുത്തും. മൂന്നാമൂഴത്തിലേക്ക് ഏറെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പ്രതിപക്ഷം ഭീഷണി ഉയര്‍ത്തുന്നതേയില്ല. മോദിയുടെ മൂന്നാമൂഴം രാജ്യത്തെ 140 കോടി ജനങ്ങളും ഉറപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കാന്‍ പോകുന്നത്. മൂന്നാമൂഴത്തില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദിയും ഇതിനടിവരയിടുന്നു. മോദിയും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ശക്തമെന്ന് തെളിയിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: