കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്നും ബലമായി പിടിച്ചെടുത്ത് പൊലീസ് .മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി ആംബുലന്‍സിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
എന്നാല്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ വിമര്‍ശിച്ച മാത്യു കുഴല്നാടന് എംഎല്‍എ സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
കോതമംഗലത്ത് റോഡില്‍ മൃതദേഹം താത്കാലിക ടെന്റ് കെട്ടി കിടത്തിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് എത്തി സംസാരിക്കണമെന്നായിരുന്നു ആവശ്യം.പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടെങ്കിലും കളക്ടര്‍ തയ്യാറായില്ല.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര (70) ആണ് രാവിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കൂവ വിളവെടുക്കുന്നതിന് ഇടയില്‍ കാട്ടന ആക്രമിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോള്‍ തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: