ന്യൂദൽഹി: സനാതന ധർമ്മം ഉന്മൂലനം ചെയ്യൂ എന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിന് സുപ്രിംകോടതിയുടെ പരസ്യ ശാസന. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ആരാഞ്ഞു.
സ്റ്റാലിനോട് അദ്ദേഹം മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പരാമർശത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആർട്ടിക്കിൾ 25 പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരം (സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ) നിങ്ങൾ നിങ്ങളുടെ അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിന്റെ അനന്തരഫലങ്ങൾ അറിയാമോ? നിങ്ങൾ ഒരു സാധാരണക്കാരനല്ല, നിങ്ങൾ ഒരു മന്ത്രിയാണ്, അനന്തരഫലങ്ങൾ നിങ്ങൾ അറിയണം, ” അവർ വ്യക്തമാക്കി. അതേ സമയം കേസ് മാർച്ച് 15 ലേക്ക് ജുഡീഷ്യൽ ബെഞ്ച് മാറ്റിയിട്ടുണ്ട്.
2023 സെപ്റ്റംബറിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിച്ച ഉദയനിധി സ്റ്റാലിൻ, സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഇല്ലാതാക്കണമെന്നും പറഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: