റാഞ്ചി : സ്പാനിഷ് വിനോദസഞ്ചാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ജാർഖണ്ഡ് പോലീസ് ബാക്കി നാല് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. ഏഴ് പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പിതാംബർ സിംഗ് ഖേർവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറ്റ് നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുന്നു. അവരെ ഉടൻ പിടികൂടും. യുവതിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ കൂട്ട ബലാത്സംഗം സ്ഥിരീകരിച്ചതായും ഖേർവാർ പറഞ്ഞു. കൂടാതെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇക്കാര്യം പിന്നീട് അറിയിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിലാണ് സ്പെയിനിൽ നിന്നുള്ള ഇരയെ വെള്ളിയാഴ്ച കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനൊപ്പം ടെൻ്റിൽ രാത്രി ചെലവഴിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതികൾ ഇരുവരെയും ആക്രമിച്ചത്.
സമീപത്ത് ഹോട്ടലുകൾ കാണാത്തതിനാലാണ് സൈറ്റിന് സമീപം ക്യാമ്പ് ചെയ്തതെന്ന് ദമ്പതികൾ പറയുന്നു. അവർ തന്നെ ബലാത്സംഗം ചെയ്തു, ചിലർ നോക്കിനിൽക്കെ അവർ എല്ലാവരും ദയവില്ലാതെ തന്നെ ഉപദ്രവിച്ചെന്നും, ഏകദേശം രണ്ട് മണിക്കൂറോളം തന്നെ പീഡിപ്പിച്ചെന്നു യുവതി വീഡിയോയിൽ പറയുന്നു. ദമ്പതികൾ അവരുടെ സംയുക്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇന്ത്യയിലെ സ്പാനിഷ് എംബസി എക്‌സിൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. പിന്തുണയ്‌ക്ക് എല്ലാവർക്കും നന്ദിയറിച്ച എംബസി ലോകത്ത് എല്ലായിടത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള പ്രതിബദ്ധതയിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞ സ്പാനിഷ് വിദേശകാര്യ മന്ത്രാലയം പ്രദേശത്തേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്നും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ഇര ബ്രസീലിയൻ പാരമ്പര്യം പങ്കിടുന്നതിനാൽ ബ്രസീലിയൻ എംബസിയും പ്രശ്നത്തിൽ ഇടപെട്ടു.
ദേശീയ വനിതാ കമ്മീഷൻ അംഗം മംമ്ത കുമാരിയും രക്ഷപ്പെട്ട യുവതിയെ കണ്ടിരുന്നു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കർശനമായ നടപടികൾ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: