ന്യൂദല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് വിധിച്ചു.
2012-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ടു ചെയ്ത കേസില്‍ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെ.എം.എം നേതാവ് ഷിബുസോറന്റെ മരുമകള്‍ സീത സോറന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.
രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി വിധിച്ചു. വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍നിന്ന് ഒഴിവാക്കി 1998-ല്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. നരസിംഹ റാവു കേസിലെ ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഭരണഘടനയുടെ 105 (2), 194 (2) എന്നി വകുപ്പുകള്‍ പ്രകാരമുള്ള പരിരക്ഷ ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: