തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നുമുതല്‍ പ്രക്ഷോഭത്തിലേക്ക്. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് സംഘ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ഫെറ്റോയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഖജനാവില്‍ പണമില്ലാത്തതിനാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്കാന് കഴിഞ്ഞിട്ടില്ല.
ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മൂന്നരലക്ഷത്തോളമായി. രണ്ടാംതീയതി ശമ്പളം നല്‍കേണ്ടിയിരുന്നത് രണ്ട് ലക്ഷത്തോളം വരുന്ന അദ്ധ്യാപകര്‍ക്കും ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുമാണ്. ശമ്പളം വിതരണം ചെയ്തെന്നു വരുത്താനായി ജീവനക്കാരുടെ എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ (ഇടിഎസ്ബി) ശമ്പളം നിക്ഷേപിച്ചു. എന്നാല്‍ അതില്‍ നിന്നും പണം ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ അക്കൗണ്ട് മരവിപ്പിച്ചു.
ട്രഷറിയിലെ സാങ്കേതിക തടസ്സമാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല. അതേസമയം ഒന്നേകാല്‍ ലക്ഷം പെന്‍ഷന്‍കാരുടെ പണം വെള്ളിയാഴ്ച ട്രഷറിയില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി നല്‍കുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: