പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ച സംഭവത്തില്‍ മന്ത്രി വി.എന്‍. വാസവന്റെ ഇടപെടലുകള്‍ സംശയകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്. പള്ളിയിലെത്തി അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് പനയ്ക്കക്കുഴിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമികളെ പിടികൂടി കൊലപാതകശ്രമത്തിന് കേസെടുത്ത സംഭവത്തില്‍ സര്‍വകക്ഷിയോഗം കൂടി കേസ് ലഘുകരിക്കാന്‍ മന്ത്രി മുന്‍കൈ എടുത്തതില്‍ ദുരൂഹയുണ്ട്. കേരളത്തില്‍ സര്‍ക്കാരും സിപിഎമ്മും എടുക്കുന്ന ഇത്തരം നിലപാടുകള്‍ ഭയമുണ്ടാക്കുന്നു. പാലാ ബിഷപ്പിനെതിരെ കൊലവിളിയുമായി പ്രകടനം നടത്തിയ മനോഭാവക്കാര്‍ തന്നെയാണ് പൂഞ്ഞാറും അക്രമം നടത്തിയത്. പള്ളിക്കും വിശ്വാസികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. പി.ജെ. തോമസ്, മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, അഡ്വ. ഷോണ്‍ ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് അഡ്വ. പി. രാജേഷ്കുമാര്‍, ജില്ലാ സമിതിയംഗം ആര്. സുനില്‍കുമാര്‍, ബി. പ്രമോദ്, സോമരാജന് ആറ്റുവേലില്‍, മാനി അടിവാരം, ബിന്‍സ് മാളിയേക്കല്‍, സോയി ജേക്കബ്, പി.കെ. രാജപ്പന്, സന്തോഷ് കൊട്ടാരം, കെ.സി. അജീഷ്, സുരേഷ് ഇഞ്ചയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: