തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ ‘ഇന്ത്യയിലെ വെയിൽസ് വർഷം’ ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനാണ് വെയിൽസ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സർക്കാരുമായി കരാറിൽ ഒപ്പുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സ് സി ഇ ഒ ഇൻ ചാർജ് അജിത് കോളശേരിയുമാണ് ധാരണാപത്രം കൈമാറിയത്. മന്ത്രി വീണ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക – വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വെയിൽസ് എൻഎച്ച്എസിലെ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രൊഫഷണലുകളുടെയും എണ്ണം റെക്കോർഡ് ആയിട്ടും ആഗോളതലത്തിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യം ഗണ്യമായി വർധിച്ചതായി വെൽഷ് ആരോഗ്യ, സാമൂഹ്യ സേവന മന്ത്രി എലുനെഡ് മോർഗൻ പറഞ്ഞു. അന്താരാഷ്‌ട്ര റിക്രൂട്ട്‌മെൻ്റ് നിക്ഷേപത്തിനും തദ്ദേശീയ ആരോഗ്യ പ്രവർത്തകരോടുള്ള പ്രതിബദ്ധതയ്‌ക്കും ഒപ്പം, തൊഴിൽ ശക്തിയുടെ വിടവുകൾ നികത്താനും ഏജൻസി ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ഉപാധിയാണ്. ആരോഗ്യ പരിപാലന വിദഗ്‌ദ്ധരെ പരിശീലിപ്പിക്കുന്നതിലും വെയിൽസിലേക്ക് വരാൻ അവരെ പിന്തുണയ്‌ക്കുന്നതിലും കേരളത്തിന് ദീർഘമായ ചരിത്രമുണ്ട്. അർപ്പണബോധമുള്ള ഈ നഴ്‌സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സേവനങ്ങളിൽ ചെലുത്തുന്ന വലിയ സ്വാധീനം നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. വെയിൽസിലേക്ക് വരാൻ തയ്യാറെടുക്കുന്ന ഭാവി ആരോഗ്യ പ്രവർത്തകരെ കണ്ടുമുട്ടാനാകുന്നത് ബഹുമതിയായി കണക്കാക്കുന്നുവെന്നും എലുനെഡ് മോർഗൻ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സാമ്പത്തികാന്തരീക്ഷത്തിലും വെയിൽസിൽ ആരോഗ്യ പ്രൊഫഷണലുകൾക്ക് പരിശീനം ഒരുക്കുന്നതിനായി ബജറ്റ് നിലനിർത്തുന്നതിൽ ചാരിതാർഥ്യമുണ്ട്. ഭാവിയിൽ ഉന്നത നിലവാരമുള്ള പ്രൊഫഷണൽ തൊഴിൽശക്തി കെട്ടിപ്പടുക്കുന്നതിലെ വെയിൽസിന്റെ പ്രതിബദ്ധതയ്‌ക്ക് തെളിവാണെന്നും എലുനെഡ് മോർഗൻ പറഞ്ഞു. എൻഎച്ച്എസ് തൊഴിൽശക്തിയുടെ പ്രാധാന്യം അംഗീകരിച്ചും തദ്ദേശീയ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഉന്നമനത്തിനുമായി ആരോഗ്യ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ഈ വർഷം 283 മില്യൺ പൗണ്ട് നിക്ഷേപിക്കുമെന്ന് വെൽഷ് ആരോഗ്യമന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. പരിശീലന സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് മുഖ്യ ലക്‌ഷ്യം.
വെല്‍ഷ് ഗവണ്‍മെന്റിന്റെ ഇന്ത്യയിലെ വെയ്ല്‍സ് വര്‍ഷത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ നിന്നുള്ള യോഗ്യരായ 250 നഴ്‌സ്മാരെ എന്‍എച്ച്എസ് വെയില്‍സില്‍ ജോലി ചെയ്യാന്‍ സ്വാഗതം ചെയ്യുന്നതിനായി കേരള സര്‍ക്കാരുമായി വെല്‍ഷ് ആരോഗ്യ-സാമൂഹ്യ സേവന മന്ത്രി ബറോണസ് എലുനെഡ് മോര്‍ഗന്‍ കരാറില്‍ ഒപ്പുവയ്‌ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: