കല്‍പ്പറ്റ: പൂക്കോട് ഗവ. വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സ്ഥലം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം. സിദ്ധാര്‍ത്ഥിന്റെ മരണകാരണം എസ്എഫ്‌ഐയില്‍പ്പെട്ടവര്‍ നടത്തിയ ക്രൂരപീഡനത്തിന്റെ ഫലമാണ്. അത് ആത്മഹത്യയോ അസാധാരണ മരണമോ അല്ല. പ്രതികള്‍ വിദ്യാര്‍ത്ഥികളാണെങ്കിലും കുറ്റകൃത്യം ലഘുവല്ല. ആസൂത്രിതമായി, അനേക ദിവസങ്ങള്‍ കൊണ്ട് നടപ്പാക്കിയ കൊലപാതകമാണ്. മര്‍ദനത്തിനും നഗ്നനാക്കി അധിക്ഷേപിച്ചതിനും സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തെക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യമില്ലാത്ത സാഹചര്യമാണ്.
കോളജ് ഡീന്‍ പലതും ഒളിച്ചുവയ്‌ക്കുകയാണ്. സര്‍ക്കാരും ഭരണകക്ഷിയായ സിപിഎമ്മും പ്രതികള്‍ക്ക് രക്ഷ നല്കുന്നുവെന്ന ആക്ഷേപം വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, വിവിധ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശാലമായ അധികാരവും സംവിധാനവുമുള്ള ഏജന്‍സി അന്വേഷിക്കണം. കോളജ് ഹോസ്റ്റല്‍ നിഗൂഢതയുടെ കേന്ദ്രമാണ്. ഒരു ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്ന ഡോര്‍മെട്രിയിലെ പൊതു ശുചിമുറിയിലാണ് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ആത്മഹത്യാ വാദം നിലനില്‍ക്കുന്നതല്ല. കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കണം. കേസില്‍ തെളിവു നല്കാന്‍ തയാറാകുന്നവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണം. ഹോസ്റ്റലിലുള്‍പ്പെടെ സുതാര്യവും കുറ്റമറ്റതുമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
കുറ്റരോപിതരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാലാ ചട്ടപ്രകാരവും ക്രിമിനല്‍ ചട്ടക്രമത്തിലും തുടര്‍ നടപടികള്‍ വേണം. പോലീസ് അന്വേഷണം തൃപ്തികരമല്ല. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരമില്ല. എന്നാല്‍ സമര്‍ത്ഥനായി പഠിച്ച് ഔദ്യോഗിക രാജ്യസേവനം ചെയ്യേണ്ട സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയാറാകണം. എസ്എഫ്‌ഐ യൂണിറ്റ്, ജില്ലാ നേതാക്കളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ആ സംഘടനയ്‌ക്കെതിരെ പൊതു ശിക്ഷാനടപടി സ്വീകരിക്കണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ഡോ. എന്‍.ആര്‍. മധു, വത്സന്‍ നെല്ലിക്കോട്, അഡ്വ. പി. ജയഭാനു, സാബു കൊയ്യേരി, കാവാലം ശശികുമാര്‍ എന്നിവരാണ് വസ്തുതാന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: