കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ നടത്തിയ ക്രൂര കൊലപാതകത്തെ പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വയനാട് ലോക്സഭാ മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ.
‘അപലപിക്കുന്നു, സര്‍ക്കാര്‍ നടപടി സ്വീകരിക്കട്ടെ’ എന്ന് മാത്രമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അവരുടെ മറുപടി.
ഇന്നലെ ജില്ലയില്‍ എത്തിയ ആനി രാജ മാധ്യമങ്ങളോട് സംസാരിക്കവേ എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയതെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി പോരാടിയെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. കാമ്പസ് കാലഘട്ടം വര്‍ണാഭമാണെന്നും അത് അങ്ങനെ അസ്വദിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഡി മുന്നണി അധികാരത്തില്‍ വരണമെന്നും എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി പോരാടുമെന്നും അവര്‍ പറഞ്ഞു.
വയനാട്ടിലെ രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. രാഹുല്‍ അധികാരത്തില്‍ വരണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നു, ആനി രാജ പറഞ്ഞു.
വയനാട്ടിലേക്ക് മത്സരിക്കാന്‍ ചുരം കയറുന്ന ആനിരാജ, സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇതുവരെ പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം യദുകൃഷ്ണന്.
കേരളത്തിനുപുറത്ത് ഈച്ച പാറിയാല്‍ പോലും അലമുറയിടുന്ന ആനിരാജ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയെ പരസ്യ വിചാരണ ചെയ്ത് കൊന്നത് അറിഞ്ഞ മട്ടില്ല. വയനാട്ടില്‍ ലോക്സഭാ മത്സരത്തിന് ഒരുങ്ങുന്ന അവര്‍ മനുഷ്യത്വം തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമാണ് വേണ്ടത്. മനുഷ്യത്വ ഹീനമായ റാഗിങ്ങ് അരങ്ങേറിയിട്ടും വിഷയത്തില്‍ പ്രതികരണം പോലും നടത്താതെ വാ മൂടിക്കെട്ടി വയനാട്ടില്‍ മത്സരിക്കാന്‍ ഇറങ്ങുന്ന ആനിരാജയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയണമെന്നും യദുകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: