ബെംഗളൂരു: കണ്ഠീവര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുന്നു.
കഴിഞ്ഞ സീസണ് പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരുവിനായി സുനില്‍ ഛേത്രിയുടെ വിവാദ വിജയഗോള്‍ കണ്ട മത്സരത്തിലാണ് ഇതിന് മുമ്പ് മഞ്ഞപ്പട ഇവിടെ കളിച്ചത്. അന്ന് ചേത്രിയുടെ ഗോളിനോട് പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കോമനോവിച്ചും കളിക്കാരും ടീമും പിന്നീട് നടപടി നേരിടേണ്ടി വന്ന സംഭവ കോലാഹലങ്ങള്‍ക്ക് തുടക്കമിട്ടത് ഇവിടെയായിരുന്നു. അതിന് ശേഷം ഈ സീസണിന് തുടക്കമിട്ടത് ഈ രണ്ട് ടീമകുള്‍ തമ്മിലുള്ള പോരാട്ടത്തോടെയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിജയമാഘോഷിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ബെംഗളൂരുവിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം.
സീസണ് തുടങ്ങുമ്പോള്‍ ഏറെ സജ്ജമായിരുന്നു ബ്ലാസ്റ്റേഴ്സ്. മുന്‍നിരയില്‍ അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര, മദ്ധ്യനിരയില്‍ ഡാനിഷ് ഫാറുഖി, ഗോള്‍ വല കാക്കാന്‍ സച്ചിന് സുരേഷ്. എന്നിട്ടും ബെംഗളൂരുവിനെതിരെ സ്വന്തം തട്ടകത്തില്‍ കടുത്ത പോരാട്ടത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
സീസണ് പാതിയും പിന്നിട്ട് മത്സരങ്ങളേറെ കഴിഞ്ഞ് വീണ്ടും ഈ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഒരു പോലെ വെല്ലുവിളിയാണുയരുന്നത്. മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്സി മുന്‍കാല പ്രകടനത്തിന്റെ നിഴല്‍ മാത്രമായിരിക്കുകയാണിപ്പോള്. ഇതുവരെ നടന്ന മത്സരങ്ങളില്‍ നാല് വിജയമേ ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളൂ.
കേരള ബ്ലാസ്റ്റേഴ്സ് പ്രമുഖ താരങ്ങളെ പരിക്ക് കാരണം നഷ്ടപ്പെട്ടതിന്റെ പ്രയാസം കുറച്ചൊന്നുമല്ല നേരിടുന്നത്. പക്ഷെ കഴിഞ്ഞ മത്സരത്തില്‍ വലിയ പ്രതീക്ഷാവഹമായ പ്രകടനമാണ് ടീം കാഴ്ച്ചവച്ചത്. ചരിത്രത്തില്‍ ആദ്യമായി രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് വിജയിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് എഫ്സി ഗോവയ്ക്കെതിരെ കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഗോവയുടെ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിച്ചത്. സീസണിന്റെ രണ്ടാം പകുതിയില്‍ മഞ്ഞപ്പട സ്വന്തമാക്കിയ ആദ്യ വിജയം കൂടിയായിരുന്നു അത്. വലിയ പോരായ്മക്ക് നടുവില്‍ നിന്നുകൊണ്ട് നേടിയ വിജയത്തെ ആരാധകരും വരവേറ്റു. പക്ഷെ ടീമിന്റെ പ്രതിരോധത്തില്‍ വലിയ പാളിച്ചകളുണ്ടെന്നാണ് വുക്കോ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. ഇത് ഗൗരവമായി കാണുന്നുവെന്നും കോച്ച് പറഞ്ഞിരുന്നു.
ഇതുവരെ 16 കളികള്‍ പിന്നിട്ട ബ്ലാസ്റ്റേഴ്സ് ഒമ്പത് വിജയങ്ങള്‍ സ്വന്തമാക്കി. അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു. 29 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ ഒഡീഷ എഫ്സിയാണ് മുന്നില്‍. മുംബൈ സിറ്റി, മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, എഫ്സി ഗോവ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: