പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്ഐയില്പ്പെട്ടവരുടെ ക്രൂര മര്‍ദനത്തിനിരയായി മരിക്കാനിടയായ സംഭവം സംസ്ഥാന ഭരണത്തിന്റെ അകമ്പടിയോടെ കലാലയങ്ങളില്‍ ഇടതു ഫാസിസം അരങ്ങുതകര്ക്കുന്നതിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നതെന്ന് തപസ്യ കലാസാഹിത്യവേദി.
കേരളത്തിലെ കലാശാലകളില്‍ എസ്എഫ്ഐ വ്യവസ്ഥാപിതമായി നടപ്പാക്കുന്ന അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് സിദ്ധാര്‍ത്ഥ്. ഒരു കുറ്റവും ചെയ്യാത്ത പാവം വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമകളില്‍ കാണുന്ന കഥകളെ അതിശയിപ്പിക്കുന്ന ക്രൂരതയാണ് ഒരു വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍ സംഘം ചേര്‍ന്ന് നടത്തിയിരിക്കുന്നത്. അക്രമങ്ങളും കൊലപാതകങ്ങളുമൊക്കെ നടത്താന്‍ കയ്യറപ്പില്ലാത്തവരായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ദുരന്തഫലമാണിത്. അക്രമത്തിന്റെ പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികളെ ഭരിക്കാന്‍ അനുവദിക്കരുത്.
കലാശാലയെ മനുഷ്യക്കശാപ്പുശാലയാക്കുന്ന സംഭവം നടന്നിട്ടും പോലീസ് കേസെടുക്കാതെ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയത്. ഈ അരുംകൊലയ്ക്ക് കോളജ് അധികൃതരും കൂട്ടുനിന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. കൊടുംക്രൂരതയുടെ വിവരങ്ങള്‍ ഓരോന്നായി വെളിപ്പെടുകയും ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്യുമെന്ന് വന്നതോടെയാണ് എസ്എഫ്ഐക്കാരായ പ്രതികളെ പോലീസ് അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അപ്പോഴും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രങ്ങളാണ് പോലീസ് പയറ്റുന്നതെന്ന സംശയമുയര്‍ന്നിട്ടുണ്ട്.
ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത സംഭവമായിരുന്നിട്ടും അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് എസ്എഫ്ഐയും സിപിഎമ്മിന്റെയുമൊക്കെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊടുക്രൂരതയെ വിമര്‍ശിക്കാനോ അപലപിക്കാനോ ഇടതുപക്ഷ സാംസ്കാരിക നായകന്മാര് തയ്യാറാവാത്തത് അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നു. സ്ഥാനമാനങ്ങള്‍ക്കും പുരസ്കാരങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും വേണ്ടിയുള്ള ഈ മൗനം കേരളീയ സമൂഹത്തെ ഭയപ്പെടുത്തുകയാണ്. വന്യജീവികളുടെ ആക്രമണത്തിനെതിരെ ഉയര്‍ന്നതുപോലുള്ള പ്രതിഷേധമൊന്നും ഒരു വിദ്യാര്‍ത്ഥി അതിനിഷ്ഠുരമായി കൊലചെയ്യപ്പെട്ടിട്ടും ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഓരോ മലയാളിയും ചോദിക്കേണ്ടിയിരിക്കുന്നു.
ഒരു കുടുംബത്തിന്റെ എല്ലാമായിരുന്ന വിദ്യാര്‍ത്ഥിയാണ് അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഇതു ചെയ്തവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ. ടി. രാമചന്ദ്രനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: