മുംബൈ : നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(ശരദ്ചന്ദ്ര പവാര്‍) വിഭാഗം മേധാവി ശരദ് പവാറിനൊപ്പം അത്താഴം കഴിക്കാനുള്ള ക്ഷണം നിരസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. പാര്‍ട്ടിയുടെ പേരും ലോഗോയും നഷ്ടമായതിന് പിന്നാലെയാണ് ശരദ് പവാര്‍ ഫട്നാവിസിനെയും അജിത് പവാര്‍, ഏക്നാഥ് ഷിന്‍ഡേ തുടങ്ങിയവരെയും അത്താഴവിരുന്നിന് ക്ഷണിച്ചത്. ബാരാമതിയിലെ പവാറിന്റെ വീട്ടില്‍ ശനിയാഴ്ചയില്‍ അത്താഴത്തില്‍ പങ്കെടുക്കുന്നതിനാണ് ക്ഷണം.
ഒരുപാട് തിരക്കുകളുണ്ട്. സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ശ്രമഫലമായി ബാരാമതിയില്‍ നമോ മഹാ റോസ്ഗര് മേള സംഘടിപ്പിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാകുമല്ലോ. അതിനുശഷം ബധു ബുധുര്കില് ഛത്രപതി സംഭാജി മഹാരാജിന്റെ സ്മാരക നിര്‍മാണത്തിന്റെ ഭൂമിപൂജ ചടങ്ങുണ്ട്. അതിനുശേഷം വിപ്ലവകാരി ലഹുജി വസ്താദ് സാല്‍വേയുടെ സ്മാരകത്തിന്റെ ഭൂമിപൂജയിലും പങ്കെടുക്കണം. ഒന്നിനുപുറകേ ഒന്നായി പരിപാടികളുണ്ട്. ശനിയാഴ്ച വളരെ തിരക്കുപിടിച്ച ഒരു ദിവസമാണ്. അതിനാല്‍ ഇത്തവണയും അത്താഴ വിരുന്നിനായുള്ള താങ്കളുടെ അടിയന്തിര ക്ഷണം സ്വീകരിക്കാന്‍ സാധിക്കില്ല. ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നു, ഫട്നാവിസ് അറിയിച്ചു.
നമോ മഹാരോസ്ഗാറില് ഫട്നാവിസിനെ കൂടാതെ ഷിന്‍ഡേയും അജിത്പവാറും പങ്കെടുക്കുന്നുണ്ട്. ഇത് കണക്കിലെടുത്തായിരുന്നു ശരദ് പവാറിന്റെ നീക്കം.
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നിങ്ങള്‍ ആദ്യമായാണ് ബാരാമതി സന്ദര്‍ശിക്കുന്നത്. നമോ മഹാറോസ്ഗര് ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതിനാല്‍ ചടങ്ങിനുശേഷം വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ കൂടി ക്ഷണിക്കുകയാണ,് എന്നായിരുന്നു ശരദ്പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും അയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഫട്നാവിസ് ഇതിന് കത്തിലൂടെ തന്നെ മറുപടി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: