കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞാല്‍ രാജാ റാം മോഹന്‍ റോയിയുടെ ആത്മാവ് കരയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ മാനത്തെക്കാള്‍ കുറച്ച് വോട്ടുകളാണോ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വലുതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ആരംബാഗില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത് രാജ്യം കാണുന്നുണ്ട്. രാജ്യം മുഴുവന്‍ രോഷത്തിലാണ് ഒരു ടിഎംസി നേതാവ് എല്ലാ പരിധികളും ലംഘിച്ചു. സ്ത്രീകള്‍ക്ക് നേരെ അരങ്ങേറിയ അക്രമങ്ങളില്‍ ഇന്‍ഡി സഖ്യം മൗനം പാലിക്കുകയാണ്. ഗാന്ധിജി ചൂണ്ടിക്കാട്ടിയ മുന്ന് കുരങ്ങുകളെ പോലെയാണ് അവര്‍. കാണില്ല, കേള്‍ക്കില്ല, ഉരിയാടില്ല… സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഇവിടുത്തെ സ്ത്രീകളുടെ ബഹുമാനത്തിനും അന്തസിനും വേണ്ടി പോരാടി. അവസാനം ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യേണ്ടിവന്നു. ബിജെപി ചെലുത്തിയ സമ്മര്‍ദ്ദം മൂലമായിരുന്നു അറസ്റ്റ്.
അഴിമതിക്കുമുകളില്‍ മമതാ ബാനര്‍ജി അടയിരിക്കുകയാണ്. ബംഗാളിനെ കൊള്ളയടിക്കുകയാണ് അവര്‍ ചെയ്യുന്നത്. അഴിമതിയും കൊള്ളയും അവസാനിപ്പിക്കുമെന്ന് ബിജെപി ഉറപ്പ് നല്കുന്നു. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങളെ മമതാ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്.
പാവപ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്കുന്നത്. 2047ല്‍ രാജ്യം വികസിത രാജ്യമാക്കുവാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തിയെന്നും മോദി പറഞ്ഞു. അരംബാഗ് മേഖലയില്‍ 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സംരംഭങ്ങള്‍ക്ക് തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. റെയില്‍വേ, തുറമുഖങ്ങള്‍, എണ്ണ പൈപ്പ് ലൈനുകള്‍, എല്‍പിജി വിതരണം, മലിനജല സംസ്‌കരണം തുടങ്ങിയ വിവിധ മേഖലകള്‍ ഈ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: